Menu

ed

 

ഒക്ടോബർ  01, 2017

 

 ഞങ്ങളുടെ വെബ്ഹോമിലേക്കു സ്വാഗതം!


2017 ഒക്ടോബര്‍ 8-ന് ഞങ്ങള്‍ ഇരുപതു വര്‍ഷം പൂര്‍ത്തിയാക്കി. തീര്‍ച്ചയായും ഇതൊരു നാഴികക്കല്ലാണ്. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഇതു മഹത്തായൊരു പ്രയാണം തന്നെ ആയിരുന്നു. ആദര്‍ശധീരരും സേവനോത്സുകരുമായ ജീവനക്കാര്‍, ജീവിതത്തിന്‍റെ എല്ലാ തുറകളില്‍ നിന്നുള്ള അഭ്യുദയകാംക്ഷികള്‍, സര്‍ക്കാരിന്‍റെ ഉറച്ച പിന്തുണ എന്നിവയെല്ലാം ഞങ്ങളെ ധന്യരാക്കി. ഞങ്ങള്‍ ആരെന്ന് 'ടീം നിഷ്' കാട്ടിത്തരുന്നു. നിഷ്-ലെ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ തൊഴിലെന്നതിനുപരി ദൗത്യമായി കാണുന്ന ഒരു കൂട്ടം ആളുകളാണ് ഇവിടെയുള്ളത്. തിരുവനന്തപുരത്ത് ആക്കുളത്തുള്ള നിഷ് വ്യത്യസ്തമായ ഒരു കാമ്പസ്സാണ്. പ്രീ-സ്കൂള്‍തലം മുതല്‍ ബിരുദാനന്തരതലം വരെയുള്ളവര്‍ ഇവിടെയുണ്ട്. പ്രീ-സ്കൂളിലെ കൊച്ചുകുട്ടികളോടൊപ്പം ഇന്‍റര്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന രക്ഷകര്‍ത്താക്കളെ ചില ക്ലാസ്സ്മുറികളില്‍ കാണുന്നത് സ്ഥിരം കാഴ്ചയാണ്. കേള്‍വിശക്തി പരിശോധനയ്ക്കും ശ്രവണസഹായിയുടെ പ്രോഗ്രാമിങ്ങിനും ക്ലിനിക്കുകളിലെത്തുന്ന മുതിര്‍ന്ന പൗരന്‍മാരെയും ഇവിടെ പതിവായി കാണാം. ബഹുവൈകല്യമുള്ള കുട്ടികള്‍ ഞങ്ങളുടെ ഓട്ടിസം ഇന്‍റര്‍വെന്‍ഷന്‍ ക്ലിനിക്കുകളിലും സ്പീച്ച് തെറാപ്പി ക്ലിനിക്കുകളിലും മുടങ്ങാതെ എത്തിക്കൊണ്ടിരിക്കുന്നു. സര്‍വ്വകലാശാലാതലത്തില്‍ ശ്രവണ വൈകല്യങ്ങളുള്ളവരും കേള്‍വിത്തകരാറുകളില്ലാത്ത വിദ്യാര്‍ത്ഥികളും ഞങ്ങള്‍ക്കുണ്ട്. അതേ, ഇതൊരു സ്പന്ദിക്കുന്ന കാമ്പസ്സ് തന്നെ! വര്‍ഷങ്ങള്‍ ചെല്ലുംതോറും ഞങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
മൂന്നു പ്രീ-സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ പ്രോഗ്രാമില്‍ ഇപ്പോള്‍ ശ്രവണവൈകല്യമുള്ള നൂറ്റെണ്‍പതോളം വിദ്യാര്‍ത്ഥികളും ഓട്ടിസം-സ്പെക്ട്രം വിഭാഗത്തില്‍ എഴുപതില്‍പരം വിദ്യാര്‍ത്ഥികളുമാണുള്ളത്. കൂടാതെ സെക്കന്‍ഡറി തലത്തിനു മുകളിലുള്ള അക്കാദമിക് പഠനവിഭാഗത്തില്‍ മുന്നൂറോളം കുട്ടികളുമുണ്ട്.
ബഹുമുഖ സേവനങ്ങളാണ് കാമ്പസ്സ് ലഭ്യമാക്കുന്നത്. ശ്രവണശേഷി പരിശോധന, സംസാരശേഷി പരിശോധന, സ്പീച്ച് തെറാപ്പി, മനഃശാസ്ത്രപരമായ വിലയിരുത്തല്‍, കൗണ്‍സലിങ്, നന്നായി പെരുമാറുന്നതിനുള്ള പരിശീലനം, ഓക്യുപ്പേഷനല്‍ തെറാപ്പി, രക്ഷകര്‍ത്തൃബോധവത്കരണ പരിപാടി, ENT കണ്‍സള്‍ട്ടേഷന്‍, ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്കാവശ്യമായ ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ പ്രോഗ്രാം, ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കുള്ള ഇന്‍റര്‍വെന്‍ഷന്‍, കോക്ലിയര്‍ ഇംപ്ലാന്‍റിങ്ങിനു വിധേയരായവര്‍ക്കുള്ള ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി പ്രോഗ്രാം, രക്ഷകര്‍ത്താക്കള്‍ക്കുള്ള ഹ്രസ്വകാല കറസ്പോണ്ടന്‍സ് കോഴ്സ്, പുനരധിവാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന പ്രൊഫഷനലുകള്‍ക്കും ഇയര്‍മോള്‍ഡ് ഫാബ്രിക്കേഷന്‍ നടത്തുന്നവര്‍ക്കുമുള്ള ഹ്രസ്വകാല പരിശീലനം എന്നിവ ഞങ്ങള്‍ ലഭ്യമാക്കുന്നു. പൊതുജനങ്ങള്‍ക്കു വേണ്ടി, വിശേഷിച്ചും വിദൂരങ്ങളിലുള്ളവര്‍ക്കുവേണ്ടി, പതിവായി ഓണ്‍ലൈന്‍ സെമിനാറുകളും ഞങ്ങള്‍ നടത്തുന്നുണ്ട്. കൂടാതെ 'പ്രചോദനാത്മകമായ വിജയഗാഥകള്‍' എന്ന പേരില്‍ ഒരു പ്രഭാഷണ പരമ്പരയ്ക്ക് കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ തുടക്കം കുറിക്കുകയുണ്ടായി. വൈകല്യങ്ങളെ അതിജീവിച്ചവര്‍ തങ്ങളുടെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും ഒരു മണിക്കൂര്‍ നീളുന്നതുമായ പ്രഭാഷണമാണിത്. നിഷ്-ലെ മാരിഗോള്‍ഡ് ഓഡിറ്റോറിയത്തിലാണ് ഇത് സംഘടിപ്പിച്ചുവരുന്നത്.
വൈവിധ്യമാര്‍ന്നതാണ് ഞങ്ങളുടെ വിദ്യാഭ്യാസ, ഗവേഷണ പരിപാടികള്‍. ബധിരരും ശ്രവണവിഷമതകളുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാത്രം ഡിഗ്രി കോഴ്സുകളും, ഓഡിയോളജി-സ്പീച്ച് തെറാപ്പി വിഷയങ്ങളില്‍ പ്രൊഫഷനലുകളെ സൃഷ്ടിക്കാനുള്ള കോഴ്സുകളും ഞങ്ങള്‍ നടത്തിവരുന്നു. ശ്രവണവൈകല്യങ്ങളുള്ള കൊച്ചുകുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് സഹായകമാകുന്ന വിധത്തില്‍ ഒരു വര്‍ഷത്തെ പരിശീലനം നല്കുന്ന ഡിപ്ലോമ കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്. ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാങ്ഗ്വിജ് ഇന്‍റര്‍പ്രെട്ടിങ് (DISLI) എന്നൊരു ഡിപ്ലോമ കോഴ്സ് അടുത്തകാലത്ത് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്‍ ലാങ്ഗ്വിജില്‍ അദ്ധ്യാപക പരിശീലന പരിപാടി തുടങ്ങാന്‍ ഉദ്ദേശിക്കുന്നു. ശ്രവണവൈകല്യമുള്ളവരുടെ വിദ്യാഭ്യാസം, ഓഡിയോളജി, സ്പീച്ച്, ന്യൂറോഡെവലപ്മെന്‍റല്‍ തകരാറുകളുള്ളവര്‍ എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന ഒരു ടീം തന്നെയുണ്ട് നിഷ്-ല്‍.
ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഒരു സംഗൃഹീത വിവരണം മാത്രമാണിത്. നിങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്നാഗ്രഹമുണ്ടോ? എങ്കില്‍ മടിക്കാതെ ഫോണിലൂടെയോ ഇ-മെയ്ല്‍ മുഖേനയോ എന്നോടു നേരിട്ടു ബന്ധപ്പെടാവുന്നതാണ്. ഞങ്ങളുടെ ഏതു സ്റ്റാഫ് അംഗങ്ങള്‍ മുഖേനയും വിവരങ്ങളറിയാം. ഞങ്ങളുടെ കാമ്പസ്സ് സന്ദര്‍ശിക്കാന്‍ നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നു. വൈകല്യങ്ങളുള്ളവരെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന ഒരു രാജ്യമെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഞങ്ങളുടെ യാത്രയില്‍ അണിചേരുക!
ഞങ്ങളെ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ വീണ്ടുമെത്തുമെന്നു പ്രതീക്ഷിച്ചുകൊണ്ട്,

സാം

ഡോ.സാമുവല്‍.എന്‍.മാത്യു

എക്സിക്യൂട്ടീവ് ഡയറക്ടര്‍

ഡോ.സാമുവല്‍.എന്‍.മാത്യു Ph.D.

എക്സിക്യൂട്ടീവ് ഡയറക്ടര്‍
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌ (നിഷ്‌)
ആക്കുളം, ശ്രീകാര്യം പി.ഒ.,
തിരുവനന്തപുരം 695 017
ഇന്ത്യ

----------------------
ഡയറക്റ്റ്: +91-471-3066600;
ഫാക്സ്: +91-471-3066699
ജനറല്‍: +91-471-3066666/2596919
ഇ-മെയില്‍: snm@nish.ac.in

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 3066666, 2596919
  • Fax: +91-471- 3066699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India