Menu

Posts from 2015-04-08

ബന്ധങ്ങള്‍ നമ്മുടെ പുരോഗതിയെ സഹായിക്കുന്നു.

എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സാമുവല്‍ എന്‍.മാത്യുവിന്റെ ബ്ലോഗ്

Iസഹകരിച്ചു പ്രവര്‍ത്തിക്കുന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. മെച്ചപ്പെട്ട പുരോഗതിക്ക് അതു സഹായിക്കും. തനിയെ ആയാല്‍ ഇത്രമാത്രമേ ചെയ്യാനാകൂ എന്നുണ്ട്. നമ്മുടെ ദൗര്‍ബല്യങ്ങള്‍ മറ്റുളളവരുടെ ശക്തി കൊണ്ട് നികത്തപ്പെടും. നേരെ മറിച്ച് അവരുടെ കുറവുകളില്‍ കുറച്ചൊക്കെ നമ്മെക്കൊണ്ടും നികത്താനാകും. നമ്മുടെ ഉത്തരവാദിത്വബോധവും ശുഷ്കാന്തിയും ഇതു മൂലം വര്‍ദ്ധിക്കുകയാണു ചെയ്യുക.

ഈ മാര്‍‌ച്ച് മാസത്തില്‍ മക്കളെയും പേരക്കുട്ടിയെയും കാണാന്‍ ഞങ്ങള്‍ അമേരിക്കയിലെത്തുന്നതിനു മുന്‍പായി നമ്മള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അസ്സിസ്റ്റീവ് ടെക്നോളജി, ഏര്‍ലി ഇന്റര്‍വെന്‍ഷന്‍, സ്പെഷ്യല്‍ എജ്യുക്കേഷന്‍, വൈകല്യമുളളവര്‍ക്കുളള സേവനങ്ങള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുമൊത്തുളള പദ്ധതികളും മീറ്റിങ്ങുകളും ഞാന്‍ ആസൂത്രണം ചെയ്തിരുന്നു.

26-നു വൈകുന്നേരം ഡിലാവെയറിലെത്തിയ ഞങ്ങള്‍ ഏതാനും ദിവസം വിശ്രമിച്ചു. എന്റെ ഭാര്യ പേരക്കുട്ടിയെ ലാളിച്ചുകൊണ്ടു മകനോടൊപ്പം തങ്ങിയപ്പോള്‍ ഞാന്‍ മീറ്റിങ്ങുകള്‍ക്കു പോകാന്‍ ഭാണ്ഡംമുറുക്കി. അറ്റ്ലാന്റ് ആയിരുന്നു ആദ്യ സ്റ്റോപ്പ്. 29-ന് ജോര്‍ജ്ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ AMAC ആക്സസബിലിറ്റി സെന്ററിനെക്കുറിച്ച് ഞാന്‍ നേരത്തെ കേട്ടിട്ടുണ്ടായിരുന്നു. AMACS ഡയറക്ടര്‍ ഡോ. ക്രിസ്റ്റഫര്‍ ലീയുമായി ഞാന്‍ കത്തിടപാടുകള്‍ നടത്തിയിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ജോര്‍ജിയ സിസ്റ്റത്തിനു കീഴില്‍  പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് പുരോഗതി നിര്‍ണ്ണയിക്കുന്നതിനുളള ആക്സസിബിലിറ്റി ടൂള്‍സ്, അസ്സിസ്റ്റീവ് ടെക്നോളജി ടൂള്‍സ്, സോഫ്റ്റ് വെയര്‍ എന്നിവ നല്കാനുളള അനുമതിയുണ്ട്. ക്രിസ്റ്റും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ കാരള്‍ ഫിലിപ്പും മറ്റുളളവരും വളരെ ഹൃദ്യമായാണ് എന്നെ സ്വാഗതം ചെയ്തത്. നമ്മള്‍ വിഭാവനം ചെയ്തിരിക്കുന്ന അസ്സിസ്റ്റീവ് ടെക്നോളജി സെന്റര്‍ സ്ഥാപിച്ചാല്‍ സഹായിക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കോളേജിലെ എന്റെ പഴയ സഹപാഠിയായ രാജു മാത്യുവിന്റെ കൂടെയാണ് ആ രാത്രി ഞാന്‍ ചെലവഴിച്ചത്. റോസ് വെല്ലില്‍ പാര്‍ക്കുന്ന അദ്ദേഹവും ഭാര്യയും എന്നെ സ്വീകരിക്കാന്‍ തലേന്ന് എയര്‍പോര്‍ട്ടില്‍ വരുകയും പിറ്റേന്നു പ്രഭാതത്തില്‍ ജോര്‍ജിയ ടെക്കില്‍ കൊണ്ടാക്കുകയും ചെയ്തു. നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമുളള ആ കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നു.

ന്യൂയോര്‍ക്കിലായിരുന്നു അടുത്ത പരിപാടി. അഡെല്‍ഫി  യൂണിവേഴ്സിറ്റിയില്‍ സ്പെഷ്യല്‍ എജ്യുക്കേഷന്റെ ചുമതലയുണ്ടായിരുന്ന ഡോ.സ്റ്റീഫന്‍ ഷോറുമായി ഒരു മീറ്റിങ്ങുണ്ടായിരുന്നു. ഓട്ടിസം - സ്പെക്ട്രം വിദ്യാര്‍ത്ഥികളായിരുന്നു അദ്ദേഹത്തിന്റെ സ്പെഷ്യലൈസേഷന്‍. അദ്ദേഹം വെര്‍മണ്ടിലേക്കും ഞാന്‍ പെന്‍സില്‍വേനിയയിലെ ഈറിയിലേക്കും പോകുകയായിരുന്നതിനാല്‍ ജോണ്‍.എഫ്. കെന്നഡി വിമാനത്താവളത്തില്‍ കാണാമെന്നായിരുന്നു ഞങ്ങളുടെ ധാരണ. അര്‍ത്ഥവത്തായ ഒരു മീറ്റിങ്ങായിരുന്നു അത്. അഡെല്‍ഫി യൂണിവേഴ്സിറ്റിയിലെ മള്‍ട്ടിപ്പ്ള്‍ ഡിസെബിലിറ്റി വകുപ്പില്‍ സ്പെഷ്യല്‍ എജ്യുക്കേഷന്‍ അസ്സിസ്റ്റന്റ് പ്രഫസ്സറായ ഡോ.പവന്‍ ജോണ്‍ ആന്റണിയെ അദ്ദേഹം എനിക്കു പരിചയപ്പെടുത്തി. മലയാളിയായ പവന്‍ അമേരിക്കയില്‍ നിന്നാണ് ഡോക്ടറേറ്റ് എടുത്തത്. ഓട്ടിസവും ബഹുവൈകല്യങ്ങളും എന്ന വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസം നല്കാനുളള പദ്ധതി നമ്മള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന സമയമായതിനാല്‍ നമുക്കു മുന്നില്‍ വളരെയധികം അവസരങ്ങള്‍ തുറന്നുകിടക്കുന്നുണ്ട്. നല്ലതുതന്നെ! ഈ ദിശയില്‍ പ്രധാന ചുവടുവയ്പ്പുകള്‍ക്കുളള സാദ്ധ്യത ഞാന്‍ കാണുന്നു. ന്യൂയോര്‍ക്കില്‍ എന്നെ വിമാനത്താവളത്തില്‍ നിന്നു കൂട്ടിക്കൊണ്ടുപോകാനും തിരിച്ച് ജെ.എഫ്.കെ.എയര്‍പോര്‍ട്ടില്‍ വിടാനും എന്റെ സഹപാഠിയായിരുന്ന പി.വി.തോമസ് എത്തിയിരുന്നു. എല്ലാം ശുഭം!

പെന്‍സില്‍ വേനിയയിലെ ഈറിയില്‍ ഞാന്‍ പറന്നിറങ്ങുമ്പോള്‍ ആ പ്രദേശമാകെ മഞ്ഞുമൂടിക്കിടന്നിരുന്നു. അതു ഞാന്‍ പ്രതീക്ഷിച്ചതേ അല്ല! ഈറിയില്‍ മൂടല്‍മഞ്ഞ് പതിവാണ്. ബോസ്റ്റണും ബഫലോയും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം മഞ്ഞുവീഴ്ചയുളള പ്രദേശമാണ് ഈറി. റോഡ് വ്യക്തമായിരുന്നു. ഞാന്‍ വിന്‍ഗേറ്റ് ബൈ വിന്‍ഡ്ഹാമിലേക്കു പുറപ്പെട്ടു. വൃത്തിയും വെടുപ്പുമുളള മനോഹരമായ പ്രദേശം. രാത്രി സുഖമായി വിശ്രമമെടുക്കാം. നേരത്തെ കിടന്നുറങ്ങി, പുലര്‍ച്ചയാകും മുന്‍പേ ഉണര്‍ന്നെഴുന്നേറ്റു. ബ്രേക്ക് ഫാസ്റ്റിനുശേഷം 12 മൈല്‍ അകലെയുളള എഡിന്‍ബറോ യൂണിവേഴ്സിറ്റിയിലേക്കു പുറപ്പെട്ടു. പകല്‍ സമയം മുഴുവന്‍ എഡിന്‍ബറോ യൂണിവേഴ്സിറ്റിയിലെ വിവിധ വകുപ്പുകളുമായി ചര്‍ച്ചയിലായിരുന്നു. ഡോ. ഷാര്‍ലറ്റ് മൊള്‍റീനാണ് എല്ലാം ഏര്‍പ്പാടാക്കിയത്. എല്ലാം കഴിഞ്ഞപ്പോള്‍ വലിയ സാദ്ധ്യതകള്‍ മുന്നില്‍ കാണുന്നു..

യൂണിവേഴ്സിറ്റിയായിത്തീരുക എന്ന മഹത്തായ ലക്ഷ്യവുമായി നാം മുന്നോട്ടു പോകുന്ന ഈ വേളയില്‍ സഹകരിക്കാന്‍ തയ്യാറുളള നല്ല പങ്കാളികളെ നമുക്ക് ആവശ്യമുണ്ട്. സഹകരണ മനോഭാവമുളള സുഹൃത്തുക്കളെ ഞാന്‍ സസന്തോഷം സ്വാഗതം ചെയ്യുന്നു.

തത്കാലം ഞാന്‍ അവസാനിപ്പിക്കുകയാണ്. 15-ന് ടെമ്പ്ള്‍ യൂണിവേഴ്സിറ്റിയിലെ പരിപാടികളെക്കുറിച്ചുളള കുറിപ്പുകള്‍ പിന്നീടെഴുതാം. ഞാന്‍ അവിടെ ഇല്ലാത്ത സന്ദര്‍ഭത്തില്‍ നിഷ്-ല്‍ ഒട്ടേറെ സംഗതികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India