Menu

Posts from 2015-04-11

CEC- യിലെ ആദ്യദിനം, സാന്‍ ഡീഗോ, കാലിഫോര്‍ണിയ

എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സാമുവല്‍ എന്‍. മാത്യുവിന്റെ ബ്ലോഗ്

ഇന്നലെ പ്രാദേശിക സമയം വൈകുന്നേരം അഞ്ചുമണിക്ക് ഞാന്‍ സാന്‍ ഡീഗോയില്‍ എത്തിച്ചേര്‍ന്നു. കാലിഫോര്‍ണിയയിലെ ലങ്കം സ്റ്ററിലുളള മകന്റെ വീട്ടില്‍ നിന്ന് കാറില്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് ഇവിടെ എത്താം. കൗണ്‍സില്‍ ഫോര്‍ എക്സെപ്ഷനല്‍ ചില്‍ഡ്രന്‍ വാര്‍ഷിക സമ്മേളനത്തിനാണ് (CEC 2015) ഞാനിവിടെ എത്തിയത്. ഇതിനു മുന്‍പു ഞാന്‍ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിട്ടില്ല. യൂണിവേഴ്സിറ്റി ഓഫ് സാന്‍ ഡീഗോയിലെ ഡോ. മായാ കല്യാണ്‍പൂര്‍ എന്ന ആളുമായി എനിക്കൊരു മീറ്റിങ്ങുണ്ടായിരുന്നു. അതും CEC കോണ്‍ഫറന്‍സും ഒരേ സമയത്തായത് എനിക്കു സൗകര്യമായി. ലോസ് ഏഞ്ചലിസിന്റെ വടക്കുകിഴക്കായുളള കാലിഫോര്‍ണിയയിലെ ലങ്കാസ്റ്ററിലുളള ഞങ്ങളുടെ ഇളയ മകനെ സന്ദര്‍ശിക്കാന്‍ എന്റെ ഭാര്യയും ഞാനും എത്തിയതായിരുന്നതിനാല്‍ എല്ലാ പരിപാടികളിലും പങ്കെടുക്കാനായി.

മറ്റൊരു കാരണം കൊണ്ടും ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുളള അവസരം ഞാന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അത് ഹോള്‍മാര്‍ക്ക് ഹോള്‍ ഓഫ് ഫെയ്ം ചലച്ചിത്രമായ ‘ഫ്രണ്ട് ഓഫ് ദ ക്ലാസ്സിന്റെ ’മിസ്റ്റര്‍ ബ്രാഡ് കോഹന്‍ നടത്തിയ മുഖ്യ പ്രഭാഷണമാണ്. ഇതിപ്പോഴും യൂ-ട്യൂബിലുണ്ട്. http://www.youtube.com/watch?v=8veT5QspyIE. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ ചലച്ചിത്രം കണ്ടപ്പോള്‍ അതെന്നെ ആഴത്തില്‍ സ്പര്‍ശിക്കുകയുണ്ടായി. ഒരു ബാലന്‍ അവന്റെ ടോററ്റ് സിന്‍ഡ്രോം എന്ന വൈകല്യത്തെ അവിശ്വസനീയമാംവണ്ണം അതിജീവിക്കുന്നതിന്റെ കഥയാണിത്. ‘എന്റെ സന്തത സഹചാരി’ എന്നാണ് അവന്‍ ആ വൈകല്യത്തെ വിശേഷിപ്പിക്കുന്നത്. അവന്റെ കഥ നേരിട്ട് കേള്‍ക്കുമ്പോള്‍ അതൊരു കെട്ടുകഥയായിട്ടേ തോന്നൂ. പിതാവു മുതല്‍ സഹപാഠികള്‍ വരെയും വീട്ടുകാര്‍ മുതല്‍ കൂട്ടുകാര്‍ വരെയുളളവരുമായുളള അവന്റെ പ്രശ്നങ്ങളെ അവന്‍ അതിജീവിക്കുന്നതിന്റെ ചരിത്രം അവിശ്വസനീയമായിത്തോന്നി. എല്ലാവരും അവനെ തെറ്റിദ്ധരിച്ചു. അവനുവേണ്ടി നിലകൊളളുകയും അവനു ശക്തി പകരുകയും ചെയ്ത അമ്മ മാത്രം അവന് എന്നും താങ്ങായി നിന്നു. ഇന്നലത്തെ കോണ്‍ഫറന്‍സിനിടെ എല്ലാവരെക്കൊണ്ടും അവരുടെ ചൂണ്ടുവിരല്‍ വായുവിലേയ്ക്ക് നീട്ടിപ്പിടിച്ച് ‘’ഞാന്‍ ഒരു കുട്ടിയുടെ ജീവിതം മാറ്റിയെടുക്കും’’ എന്ന പ്രതിജ്ഞയെടുപ്പിക്കാന്‍ അവനു കഴിഞ്ഞു. സിനിമയിലില്ലായിരുന്ന ചില സംഭവങ്ങള്‍ കൂടി അവന്‍ പങ്കുവച്ചു. അവന്‍ തികച്ചും ഉല്ലാസവാനായി കാണപ്പെട്ടു. അവന്റെ പ്രസംഗത്തിന്‍റെ തുടക്കത്തിലും ഒടുക്കത്തിലും സദസ്യര്‍ ആവേശഭരിതരായി അവനില്‍ പ്രശംസ ചൊരിഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം പല കാരണങ്ങള്‍ കൊണ്ടും ഇതൊരു അപൂര്‍വ്വാനുഭവമായിരുന്നു. ഒന്നാമത് അവനൊരു സന്ദിഗ്ദ്ധ ഘട്ടത്തെ അതിജീവിച്ചവനാണ്. ദൃഢനിശ്ചയമുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയെയും അതിജീവിച്ചു വിജയം കൈവരിക്കാമെന്നതിനുളള ഒന്നാന്തരം ദൃഷ്ടാന്തം. പ്രചോദനം പകരുന്ന പ്രഭാഷകന്‍, എഴുത്തുകാരന്‍, വിഖ്യാതമായ ഒരു ചലച്ചിത്രത്തിനു കാരണമായ കഥയിലെ നായകന്‍ എന്നീ നിലകളില്‍ അവനെ ഇന്ന് ആളുകള്‍ അന്വേഷിച്ചുവന്നുകൊണ്ടിരിക്കുന്നു.

ഈ നിലയില്‍ എത്തുന്നതിന് മുന്‍പ് നിരവധി പ്രതിബന്ധങ്ങളെ അവനു മറികടക്കേണ്ടിവന്നു. രണ്ടാമതായി ഒരു സ്പെഷ്യല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ത്ഥിയായിരുന്ന അവന്‍ ഒരു പ്രൊഫഷനലായി, ഒരദ്ധ്യാപകനായി വളര്‍ന്നു. ചലച്ചിത്രത്തില്‍ അവന്‍ ഇങ്ങനെ പറയുന്നു: ‘’എനിക്കൊരദ്ധ്യാപകനാകണം. അതുമാത്രമാണ് എനിക്ക് വേണ്ടത്.’’ ഈ ചിത്രം കാണണമെന്നു നിങ്ങളോടു ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. നിങ്ങളുടെ സമയം അര്‍ത്ഥവത്തായി ചെലവഴിക്കുന്ന സന്ദര്‍ഭമായിത്തീരും അത്. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ്മുറികളില്‍ ഇതു നല്ലൊരു പഠന വിഭവമായിരിക്കും. വൈകല്യത്തെ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവാന്‍മാരാക്കാന്‍ ഇതു നല്ലൊരുപാധിയാക്കാവുന്നതാണ്.

മനോഹരമായ ഒരു തീരദേശ നഗരമാണ് സാന്‍ ഡീഗോ. പതിനെട്ടാം നിലയിലാണ് എന്റെ താമസം. പക്ഷെ നഗരം ചുറ്റിനടന്നു കാണാന്‍ സമയം കിട്ടുമെന്ന് തോന്നുന്നില്ല. അതു മറ്റൊരവസരത്തിലാകാം. ഇന്നു പകല്‍ മുഴുവന്‍ ഞാന്‍ കോണ്‍ഫറന്‍സിലായിരുന്നു. നാളെയും അങ്ങനെയായിരിക്കും. സമയം കിട്ടുന്നതിനനുസരിച്ച് ഞാന്‍ എഴുതിക്കൊണ്ടിരിക്കാം. അതുവരെ ബൈ! ബൈ!

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India