Menu

Posts from 2015-05-05

ചെറിയൊരോളം

എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സാമുവല്‍ എന്‍ മാത്യുവിന്റെ ബ്ലോഗ്, 2015 മെയ് 05

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂന്നു സ്കൂളുകളില്‍ നിന്നു വന്ന എട്ടു അദ്ധ്യാപകരുമായി ഇന്നലെ ഞാന്‍ കൂടിക്കാണുകയും ഒന്നര മണിക്കൂറോളം അവരുമായി സംസാരിക്കുകയും ചെയ്തു. ബധിര വിദ്യാര്‍ത്ഥികള്‍ക്കുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നുള്ളവരായിരുന്നു അവര്‍. ഇതിലെന്താ ഇത്ര വലിയ കാര്യം എന്നല്ലേ ? ബധിര വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകര്‍ക്കായി ഞങ്ങളാരംഭിച്ച ഒരു മാസത്തെ ഇന്‍ - സര്‍വ്വീസ് , ഓണ്‍ - ദ - ജോബ് പരിശീലന പരിപാടിയുടെ ആദ്യ സെഷനായിരുന്നു അത്. അവര്‍ ഞങ്ങളോടൊപ്പം നിന്ന് ഡിഗ്രി ( എച്ച് ഐ ) ക്ലാസുകള്‍ നിരീക്ഷിക്കുകയും ഫാക്കള്‍ട്ടി അംഗങ്ങളുമായി ആശയസംവാദം നടത്തുകയും ലക്ച്ചര്‍ ക്ലാസ്സുകള്‍ ശ്രദ്ധിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.

ഇതിലെന്താണ് അസാധാരണമായിട്ടുള്ളത് എന്ന് തോന്നിയേക്കാം. കേരളത്തിലെ കേള്‍വി ശക്തിയില്ലാത്തവര്‍ക്കു വേണ്ടിയുള്ള സ്കൂളുകളിലെ അദ്ധ്യാപകര്‍ ഇദം പ്രഥമമായാണ് ഞങ്ങളുടെ ക്ലാസ്സ് മുറികള്‍ കാണുന്നതും കേള്വിശക്തിയില്ലാത്തവരെ പഠിപ്പിക്കുന്ന ഞങ്ങളുടെ ആദ്ധ്യാപനരീതി നേരില്‍ കാണുന്നതും. ബധിരര്‍ക്കു വേണ്ടിയുള്ള വിദ്യാലയങ്ങളില്‍ നിന്ന് വരുന്ന അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കാമോ എന്ന് VHSE ഡയറക്ടര്‍ ഞങ്ങളോട് ചോദിച്ചപ്പോള്‍ ഞങ്ങള്‍ പൂര്‍ണ മനസ്സോടെ അത് ഏറ്റെടുക്കുകയാണുണ്ടായത്.

ഞങ്ങള്‍ എന്തുകൊണ്ട് ആവേശഭരിതരായി ? കാരണമുണ്ട്. ഞങ്ങളുടെ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനം തേടിയെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളുകളില്‍ നിന്ന് വരുന്നവരാണ്. ഇവിടുത്തെ ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിനപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബിരുദപഠനത്തിനു തയ്യാറായി കഴിഞ്ഞിട്ടില്ലെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. കുട്ടിക്കാലത്തു ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പരിശീലനം സിദ്ധിച്ചവരല്ല ഈ കുട്ടികള്‍. സ്കൂളില്‍ അവര്‍ക്കു ലഭിച്ചത് ശരിയായ രീതിയിലുള്ള പരിശീലനവുമല്ല. അവരുടെ പോരായ്മകള്‍ പ്രകടമാണ്. ഇങ്ങനെ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാനപരമായ ആഗ്യഭാഷയിലോ കണക്കിലോ തീരെ പിടിപാടില്ല എന്ന് മനസ്സിലാക്കിയതിന്റെ വെളിച്ചത്തില്‍ രണ്ടു വര്‍ഷം മുന്‍പ് ഞങ്ങള്‍ ഒരു വര്‍ഷത്തെ പ്രിപ്പറേറ്ററി ക്ലാസ്സുകൂടി ഉള്‍കൊള്ളിച്ചു കൊണ്ട് ഡിഗ്രി കോഴ്സിന്റെ പാഠ്യ പദ്ധതി പരിഷ്കരിക്കുകയുണ്ടായി.

ബധിര വിദ്യാലയങ്ങള്‍ തങ്ങളുടെ കുട്ടികള്‍ പന്ത്രണ്ടാം ക്ലാസ്സ് പൂര്‍ത്തിയാക്കുന്നോടെ അവരെ ബിരുദ പഠനത്തിന് പ്രാപ്തരാക്കുന്നവിധത്തില്‍ പരിശീലിപ്പിക്കുകയാണെങ്കില്‍ ഈ സാഹചര്യം മറികടക്കാനും അവരുടെ ബിരുദപഠനം എളുപ്പമാക്കാനും കഴിയുമെന്ന് ഞങ്ങള്‍ എക്കാലത്തും ആശിക്കുന്നതാണ്. ഇങ്ങനെ ചെയ്താല്‍ അവര്‍ക്കു വിജയിക്കാനുള്ള അവസരം മെച്ചപ്പെടും. VHSE വകുപ്പ് അദ്ധ്യാപകരെ പരിശീലിപ്പിക്കുന്നതിനു ഇത്തരമൊരു നടപടി കൈകൊണ്ടതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഇനി ഈ അദ്ധ്യാപകര്‍ക്ക് സ്കൂളുകളിലേക്ക് മടങ്ങി ഒരു പരിധി വരെ തങ്ങളുടെ വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിനു സജ്ജരാക്കാന്‍ സാധിക്കും.ഇന്ത്യ മൊത്തത്തിലെടുത്താലും ബധിര വിദ്യാര്‍ത്ഥികളുടെ അവസ്ഥ ഇതുതന്നെയാണെന്നത് ഒരു രഹസ്യമല്ല. അവരെ പഠിപ്പിക്കുന്നത് അവരോടു സംസാരിക്കുന്ന അദ്ധ്യാപകരാണ്. കുട്ടികള്‍ക്കാകട്ടെ അത് മനസ്സിലാക്കുന്നില്ല. കുട്ടികള്‍ക്ക് നല്‍കുന്ന മാര്‍ക്ക് ഷീറ്റ് അവരുടെ യഥാര്‍ത്ഥ നിലവാരം പ്രതിഫലിപ്പിക്കുന്നതല്ല. ഇതിനൊരു മാറ്റമുണ്ടായേ തീരു. ഈ വിദ്യാര്‍ത്ഥികള്‍ സാധാരണ ക്ലാസ്റൂമിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബുദ്ധിശക്തിയുള്ളവരാണ്. അവരെ പഠിപ്പിക്കാന്‍ സാമര്‍ത്ഥ്യമുള്ള അദ്ധ്യാപകരെ നിയോഗിക്കുകയും ശരിയായ ആശയവിനിമയത്തിനുള്ള കൈവഴികള്‍ തുറന്നുകൊടുക്കുകയും ചെയ്താല്‍ ഈ കുട്ടികളുടെ അറിവിന്റെ മേഖല വികസിക്കുന്നതാണ്

ഞങ്ങളുടെ അദ്ധ്യാപകര്‍ ക്ലാസ്സെടുക്കേണ്ട രീതികള്‍ സംബന്ധിച്ഛ് പരീക്ഷണങ്ങള്‍ നടത്തുകയും ക്ലാസ്സ് റൂം അനുഭവങ്ങള്‍ സ്വയം ഓര്‍മിപ്പിക്കുകയും സഹ അദ്ധ്യാപകരുമായി പതിവായി ചര്‍ച്ച നടത്തുകയും ചെയ്യുന്നതിന്റെ പ്രയോജനം കുട്ടികളുടെ പുരോഗതിയിലുടെ പ്രകടമാകുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമാകുമെന്നതിനാല്‍ ഞങ്ങളുടെ അനുഭവ പാഠങ്ങള്‍ മറ്റുള്ളവരുമായി പങ്കു വെയ്ക്കാന്‍ ഞങ്ങള്‍ സദാ സന്നദ്ധരാണ്. ഞങ്ങളുടെ അദ്ധ്യാപനരീതിയുടെ പ്രയോജനം സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും ലഭ്യമാക്കുകയും പിന്നീട് രാജ്യമാകെ അത് വ്യാപിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കേള്‍വിശക്തിയില്ലാത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിലവാരമുള്ള ഏര്‍ലി ഇന്റര്‍വെന്‍ഷനും കേള്‍വി ശക്തിയുള്ളവര്‍ക്കൊപ്പം വിദ്യാഭ്യാസവും ലഭിക്കുന്ന ഒരു ദിവസം വന്നു ചേരണമെന്നതാണ് എന്റെ സ്വപ്നം. ഈ സെഷന്‍ ചെറിയൊരു ഓളമാണെന്നും അതിന്റെ അനുരണനങ്ങള്‍ രാജ്യമാകെ അലയടിക്കുമെന്നാണ് എന്റെ വിശ്വാസം!

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India