Menu

Posts tagged "#deaf"

യുവ മനസ്സുകൾ എന്നെ ഊർജ്ജസ്വലനാക്കുന്നു!

എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സാമുവല്‍ എന്‍ മാത്യുവിന്റെ ബ്ലോഗ്, 09.05.2015

ഇന്ന് ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ഇക്കൊല്ലം പിരിഞ്ഞുപോകുന്ന അവരുടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പു നല്‍കി. കുറെപ്പേര്‍ക്ക് ഇന്നുകൊണ്ട് ക്ലാസ് അവസാനിച്ചെങ്കിലും മറ്റുചിലര്‍ക്ക് ജൂണിലാണ് ക്ലാസ് തീരുക. ASLP വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി ( എച്ച് ഐ ) വിദ്യാര്‍ത്ഥിക്കള്‍ക്കും പ്രത്യേകം പ്രത്യേകം യാത്രയയപ്പു നല്കുകയെന്നതായിരുന്നു പരമ്പരാഗത രീതി. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അവര്‍ ഇത് സംയുക്തമായി സംഘടിപ്പിച്ചുവരുന്നു. സന്ദര്‍ശകര്‍, റിവ്യൂ മീറ്റിങ്, റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഇന്‍സ്‌പെക്ഷന്‍ തുടങ്ങിയ കാര്യങ്ങളാല്‍ തിരക്ക് പിടിച്ച ദിവസമായിരുന്നു ഇന്ന്. ഇക്കാര്യം ഞാന്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചപ്പോള്‍ ഉച്ചക്ക് ശേഷം ഒന്നരമണിക്കൂറിനകം അവര്‍ പരിപാടി പൂര്‍ത്തിയാക്കാമെന്നു വാഗ്ദാനം ചെയ്തു. വിശദംശങ്ങള്‍ എനിക്കറിയില്ലായിരുന്നു. എന്നാല്‍ അവര്‍ ഈ പരിപാടി അങ്ങേയറ്റം ഭംഗിയായി ചെയ്തു കണ്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി.

പതിവുപോലെ യോഗസ്ഥലം അലങ്കരിച്ചിരുന്നു. ഓരോ സീനിയര്‍ ക്ലാസിനു വേണ്ടി അവരുടെ ജൂനിയര്‍മാര്‍ ഓര്‍മ്മിക്കത്തക്കതായ ചിത്രങ്ങളുടെ ഒരു കൊളാഷ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. ചിലരുടേത് കോമാളിത്തരം നിറഞ്ഞതാണെങ്കിലും അവരുടെ ക്യാമ്പസ് ജീവിതം എത്ര രസകരമായിരുന്നെന്നു തെളിയിക്കുന്നതായിരുന്നു ആ ചിത്രങ്ങള്‍. ഓരോ ക്ലാസ് കോര്‍ഡിനേറ്ററും മിതമായ വാക്കുകളില്‍ ചിലതു പറയുക, ഓരോന്നിനുമിടയ്ക്കു കേള്വിശക്തിയുള്ളവരും ഇല്ലാത്തവരും ഉള്‍പ്പെടുന്ന ചെറിയൊരു ഗ്രൂപ്പ് ഗെയിമോ എന്റര്‍ടെയ്ന്മെന്റ് പരിപാടിയോ അവതരിപ്പിക്കുകയോ എന്നതായിരുന്നു പരിപാടി. ഗെയിമിനെ കുറിച്ച് എന്തെങ്കിലും പറയേണ്ടതായോ വ്യാഖ്യാനിക്കേണ്ടതായോ ഉണ്ടായിരുന്നുല്ല. എന്നാല്‍ എല്ലാവരും ചേര്‍ന്ന് ഓരോന്നും ഭംഗിയാക്കി. കുട്ടികള്‍ തന്നെ സംഘടിപ്പിച്ച ലഘുഭക്ഷണം അവര്‍ തന്നെ വിതരണം ചെയ്തു. ഇതോടൊപ്പം കേള്വിശക്തിയില്ലാത്ത ഒരു വിദ്യാര്‍ത്ഥി ആംഗ്യ ഭാഷയില്‍ പരിഭാക്ഷ ചെയ്തുകൊണ്ടിരുന്നു. ഒരു ഘടികാരത്തിന്റെ സൂചിപോലെ ഇവയെല്ലാം ക്രമത്തിന് നടത്തിക്കൊണ്ടിരുന്നു. തൊണ്ണൂറു മിനിറ്റിനുള്ളില്‍ എല്ലാ പരിപാടികളും അവസാനിച്ചു. മുഴുവന്‍ കുട്ടികളും ഒത്തൊരുമിച്ചു അനായാസമായി കൈകാര്യം ചെയ്യുന്നതുകണ്ട് എനിക്ക് അത്യധികം സന്തോഷം തോന്നി. എന്നെ ഏറെ സന്തോഷിപ്പിച്ചത് അവര്‍ ആ പരിപാടിയുടെ സത്ത ഉള്‍ക്കൊള്ളുകയും അത് അര്‍ത്ഥവത്തും അവിസ്മരണീയവുമായ ഒരനുഭവമാക്കി തീര്‍ക്കുകയും ചെയ്തു എന്നതാണ്. അവരുടെ യൗവന സഹജമായ വീര്യവും ഓജസ്സും നൂതനമായ ചിന്തകളും തുറന്ന സമീപനവും കാര്യങ്ങള്‍ നടത്താനുള്ള പ്രാപ്‌തിയുമെല്ലാം അവിടെ പ്രകടമായി. അവ നോക്കികൊണ്ട് നില്കുന്നതാകട്ടെ ആനന്ദദായകവും. ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് കൂടെക്കൂടെ പറയാറുണ്ട്, നമ്മള്‍ കുട്ടികളെ വെല്ലുവിളിച്ചാല്‍ അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു അക്കാര്യം ചെയ്തിരിക്കുമെന്നതിനു സംശയമില്ല. ഇക്കാര്യം അവര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. തലമുറകളായി യുവാക്കള്‍ ചെയ്തുപോരുന്നതാണിത്. വരുന്ന ഓരോ തലമുറയും ഇത് തന്നെ തുടരും. ചെറുപ്പവും ഊര്‍ജ്ജസ്വലതയും അനുഭവപ്പെടാന്‍ കോളേജ് ക്യാമ്പസ് പോലെ യോജിച്ച മറ്റൊരിടമില്ല. അവരുടെ കണ്ണുകളിലേക്കു നോക്കുമ്പോള്‍ ഞാന്‍ ഭാവികാണുന്നു. " എന്നെ കൊണ്ട് കഴിയും " എന്ന മനോഭാവമാണ് അവരിലുള്ളതു. അവരില്‍നിന്നും പ്രസരിക്കുന്നതു പോസിറ്റിവ് എനര്‍ജി ആണ്. അവരുടെ യുവത്വം ഓജസ്സുറ്റതും അന്യരിലേക്കു പകരുന്നതുമാണ്. നന്ദി! പ്രിയ വിദ്യാര്‍ത്ഥി സുഹൃത്തുക്കളേ, നന്ദി !! നിങ്ങളോടൊപ്പം കഴിയുന്ന ഓരോ ഓരോ ദിവസവും എനിക്ക് നവോന്മേഷവും പുനരുജ്ജീവനവും കൈവരുന്നു!

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India