Menu

Posts from 2015-04-14

കൗണ്‍സില്‍ ഫോര്‍ എക്സെപ്ഷനല്‍ ചില്‍ഡ്രനിലെ ‘യെസ്, ഐ കാന്‍’ അവാര്‍ഡ് ദാനച്ചടങ്ങ്

YesIcanAward

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടിയുളള ആഗോള സമിതിയായ  കൗണ്‍സില്‍ ഫോര്‍ എക്സെപ്ഷനല്‍ ചില്‍ഡ്രന്‍ (CEC) സംഘടിപ്പിച്ച വാര്‍ഷിക കോണ്‍ഫറന്‍സിലെ മുഖ്യ ഇനമായ ‘അതെ, എനിക്കതു കഴിയും’ (യെസ്, ഐ കാന്‍) പുരസ്കാരദാന സമ്മേളനം 2015 ഏപ്രില്‍ 10ന് എക്സിബിറ്റ് ഹാള്‍ എഫ്-ല്‍ നടന്നു. ചടങ്ങിനു മുന്‍പായി വേദിയില്‍ ഉപവിഷ്ടരായ 21 പുരസ്കര്‍ത്താക്കളുടെ ചിത്രമാണ് മുകളില്‍ കാണുന്നത്. അക്കാദമിക്സ്, കല, അത്ലെറ്റിക്സ്, സ്കൂള്‍ പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങളും, ആത്മസംവാദം, സാങ്കേതിക വിജ്ഞാനം, ഭിന്നാവസ്ഥ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഈ കുട്ടികള്‍ സവിശേഷമായ കുറവുകളുളളവരാണ്. അമേരിക്കയിലെയും കാനഡയിലെയും നൂറുകണക്കിന് സ്കൂളുകളില്‍ നിന്നു ലഭിച്ച എണ്ണമറ്റ അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് അവര്‍. ‘യെസ് ഐ കാന്‍’ എന്ന മുദ്രാവാക്യത്തിന്‍റെ സത്ത അവര്‍ സ്വാംശീകരിച്ച രീതി ചടങ്ങില്‍ തിരിച്ചറിയാന്‍ കഴിഞ്ഞു. CEC യുടെ രണ്ടു മുന്‍ പ്രസിഡന്‍റുമാര്‍ ബഹുമതിപത്രം വായിക്കുകയും പുരസ്കാരം സമര്‍പ്പിക്കുകയും ചെയ്തു.www.cec.sped.org/yesIcan

ചുരുക്കിപ്പറഞ്ഞാല്‍ ഈ സന്ദര്‍ഭമാണ് സ്പെഷ്യല്‍ എ‍്യുക്കേഷന്‍റെ സത്ത ഉള്‍ക്കൊളളാന്‍ എനിക്ക് അവസരം നല്കിയത്. ഇത്തരം കുട്ടികള്‍ക്കുവേണ്ടി പണം ചെലവഴിച്ചാല്‍ പ്രതീക്ഷയ്ക്കു വകയില്ലാത്തതും നിരാശാജനകവുമായിത്തീരുമായിരുന്ന അവരുടെ ജീവിതം എങ്ങനെ സാര്‍ത്ഥകമാക്കിത്തീര്‍ക്കാമെന്ന് അവിടെ തെളിയിക്കപ്പെടുകയായിരുന്നു. ഓരോ കുട്ടിയെയും സംബന്ധിച്ച ബഹുമതിപത്രം വായിക്കുകയും അവര്‍ മുന്നോട്ടു കടന്നുവരുകയോ സ്വയം ചക്രക്കസേര ഉരുട്ടിക്കൊണ്ടു വേദിയുടെ മുന്‍നിരയിലേക്കു വരുകയോ ചെയ്യുന്നതു കണ്ടപ്പോള്‍ ഗദ്ഗതം കൊണ്ട് എനിക്ക് തൊണ്ടയിടറി. ഒരു പെണ്‍കുട്ടിയാകട്ടെ, അവളുടെ വളര്‍ത്തുനായയെയും കൊണ്ടാണ് വന്നത്.  അവരോരോരുത്തര്‍ക്കും അവരുടേതായ ഉത്സാഹവും പിടിവാശികളും അതിജീവന സാമര്‍ത്ഥ്യവുമുണ്ട്. അതാണ് അവരുള്‍ക്കൊളളുന്ന സമൂഹത്തിലെ ഉല്‍ക്കൃഷ്ട വ്യക്തികളായിത്തീരാന്‍ അവരെ സഹായിച്ചത്. വെല്ലുവിളികളെ നിത്യേനയെന്നോണം അവര്‍ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ പഠിക്കുന്ന വിദ്യാലയങ്ങളിലെ മറ്റുളളവരുടെ ജീവിതവീക്ഷണത്തില്‍ അവര്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. അവരെക്കുറിച്ചുളള പരിപാടികള്‍ക്കിടയില്‍ സദസ്സ് തുടര്‍ച്ചയായി കൈയടിച്ചുകൊണ്ടിരുന്നു. രക്ഷകര്‍ത്താക്കള്‍, അദ്ധ്യാപകര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കു സദസ്സിന്റെ മുന്‍നിരയില്‍ ഇരിപ്പിടം നല്കി. ഈ കുട്ടികളുടെ സുധീരമായ ജീവിതയാത്രയില്‍ രക്ഷകര്‍ത്താക്കള്‍ നല്കുന്ന പിന്തുണയുടെയും അവര്‍ കാട്ടുന്ന പ്രതിജ്ഞാബദ്ധതയുടെയും പേരില്‍ അവര്‍ പ്രശംസിക്കപ്പെട്ടു.

ഇവരില്‍ ഒരു കുട്ടിയെ എനിക്ക് മറക്കാന്‍ കഴിയുന്നില്ല. ആ കുട്ടിക്ക് ഡൗണ്‍ സിന്‍ഡ്രോമുണ്ടെന്നു വ്യക്തമായിരുന്നു. അവന്റെ നര്‍മ്മബോധവും ശുഭാപ്തി വിശ്വാസവും അവനു ചുറ്റുമുളള എല്ലാവരെയും എന്നും ഉത്സാഹഭരിതരാക്കിത്തീര്‍ക്കുന്നുവെന്ന് ബഹുമതിപത്രം വായിച്ചപ്പോള്‍ ഞാനറിഞ്ഞു. പുരസ്കാരമേറ്റുവാങ്ങി മടങ്ങിപ്പോകവെ അവന്‍ സദസ്സിനെ നോക്കി പുഞ്ചിരി പൊഴിച്ചുകൊണ്ട് കൈവീശുകയും ചുരുട്ടിയ മുഷ്ടികൊണ്ട് ചക്രക്കസേര ഉരുട്ടിക്കൊണ്ട് ഉന്മേഷത്തോടെ പിന്‍വാങ്ങുകയും ചെയ്തു. ആവേശപൂര്‍വ്വം ആര്‍ത്തുവിളിച്ചുകൊണ്ടാണ് സദസ്സ് ഈ ദൃശ്യത്തെ ഉറ്റുനോക്കിയത്.!

CEC-യില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് മിസ്റ്റര്‍ മോഹന്‍റെ മുഖ്യപ്രഭാഷണവും ഈ ചടങ്ങുമാണ്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മറ്റു മീറ്റിംഗുകള്‍, ചര്‍ച്ചാസമ്മേളനങ്ങള്‍, വിവിധ ബൂത്തുകളില്‍ നിന്നു ശേഖരിച്ച വിവരങ്ങള്‍ , പുതുതായി സൃഷ്ടിച്ച ബന്ധങ്ങള്‍, പഴയപരിചയങ്ങള്‍ പുതുക്കല്‍ -ഇവയെല്ലാം നിസ്സാരമായിരുന്നു. നിഷ്-ലും ഇതുപോലുളള വിജയഗാഥകള്‍ കൊണ്ടാടേണ്ടതാണെന്ന് എനിക്കു തോന്നുന്നു.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India