Menu

Posts from 2015-08-21

സ്വാതന്ത്രദിന ചിന്തകൾ!

ഡോ. സാമുവല്‍ എന്‍. മാത്യുവിന്റെ ബ്ലോഗ് - സ്വാതന്ത്രദിന ചിന്തകള്‍. 2015 ഓഗസ്റ്റ് 20 നു അപ്‌ലോഡ് ചെയ്തത്.

മറ്റനേകം രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യ ഒരു യുവ ജനാധിപത്യ രാജ്യമാണ്. പിന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ദീര്‍ഘകാലത്തെ വിദേശാധിപത്യത്തിലും കോളനിവാഴ്ചയിലും കഴിഞ്ഞ ഇന്ത്യയുടെ ചരിത്രത്തില്‍ 1947 ഒരു വഴിത്തിരിവാണ്. ഭാരതത്തിന്റെ വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമുള്ള ജനത ഒത്തൊരുമിച്ചു നമ്മുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ തുടങ്ങിയിട്ട് 68 വര്‍ഷമായിരിക്കുന്നു. ഈ പ്രയാണത്തില്‍ നമ്മുക്കു അഭിമാനിക്കത്തക്കതായി ഒട്ടേറെ സംഗതികളുണ്ട്. അക്രമരഹിത പ്രസ്ഥാനത്തിലൂടെ വിദേശാധിപത്യത്തില്‍ നിന്ന് മോചിതയാകുന്നു ഒരേയൊരു രാജ്യമാണ് ഇന്ത്യ. സഹനസമരത്തിലൂടെയും ജനകിയ പ്രക്ഷോഭത്തിലൂടെയുമാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ ഇന്ത്യ വിജയം നേടിയത്. കോളനിവാഴ്ചയില്‍ നിന്ന് പുറത്തുവരുകയും വെട്ടിത്തിളങ്ങുന്ന ജനാധിപത്യം നിലനിര്‍ത്തുകയും ചെയ്യുന്ന അപൂര്‍വ്വം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മുടെ വൈവിദ്ധ്യവും ഉയര്‍ന്ന ജനസംഖ്യയും പരിഗണിക്കുമ്പോള്‍ ഇതൊരു വമ്പിച്ച നേട്ടമാണ്. കോളനിവാഴ്ചയില്‍ നിന്ന് മോചിതരായ നമ്മുടെ പല അയല്‍രാജ്യങ്ങളും ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളും ഏകാധിപത്യത്തിലോ പട്ടാള ഭരണത്തിലോ അകപ്പെടുകയാണുണ്ടായത്. എന്നാല്‍ ഇക്കാലമത്രയും ഇന്ത്യ തലയുയര്‍ത്തിപ്പിടിച്ചു ശക്തമായി നിലകൊണ്ടു. നമ്മുടെ നാനാത്വം വിസ്മനിയമാണ്. തെക്കുമുതല്‍ വടക്കുവരെയും പടിഞ്ഞാറുനിന്നു കിഴക്കുവരെയുമുള്ള നമ്മുടെ സാംസ്കാരിക വൈവിധ്യങ്ങള്‍, ഭക്ഷണശീലം, വസ്ത്രധാരണ രീതി, പാരമ്പര്യം, ശരീരഘടന എല്ലാം തന്നെ വ്യത്യസ്തമാണ്. ഈ വൈവിദ്ധ്യങ്ങള്‍ക്കിടയിലും നമ്മള്‍ ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യ രാഷ്ട്രമായി നിലകൊള്ളുന്നു!

ഇങ്ങനെയൊക്കെയാണെങ്കിലും നമുക്കിനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ എന്റെ ചിന്തകള്‍ നമ്മുടെ വിദ്യാഭ്യാസ രീതിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. വിദൂര ഭൂതകാലത്തു അനിതരസാധാരണമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമുണ്ടായിരുന്നു - ഗുരുകുല വിദ്യാഭ്യാസം. ഈ സമ്പ്രദായത്തില്‍ ശിഷ്യന്മാര്‍ ഗുരുവിനോടൊപ്പം പാര്‍ക്കുകയും ഗുരു വിജ്ഞാനവും നൈപുണ്യവും ശിഷ്യന്മാര്‍ക്കു പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം അടിസ്ഥാനാവകാശമായിരിക്കുകയും എല്ലാവരും തൊഴില്‍ പരിചയം നേടിയിരിക്കേണ്ടതുമായ ഈ കാലത്തു ഈ സമ്പ്രദായം പ്രായോഗികമല്ല. ആജ്ഞാനുവര്‍ത്തികളും കോളനിഭരണം നിര്‍ബാധം മുന്നോട്ടു കൊണ്ടുപോകാന്‍ കാര്യക്ഷമമായി പ്രയത്നിക്കുന്നവരുമായ ഒരു ജനവിഭാഗത്തെ വാര്‍ത്തെടുക്കുകയെന്ന ഉദ്ദേശത്തോടെ ആവിഷ്കരിച്ചതാണ് ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായം. വിമര്‍ശനാത്മക ചിന്തകളെയോ സാമൂഹികമായ ഉത്തരവാദിത്വങ്ങളെയോ പ്രോത്സാഹിപ്പിക്കുന്നതായിരുന്നില്ല അവരുടെ വിദ്യാഭ്യാസ രീതി. അതുകൊണ്ടാണ് നമ്മുടെ അനന്തര തലമുറകളെ സാമൂഹികമായ ഉത്തരവാദിത്വങ്ങളുള്ള ജനതയായി വളര്‍ത്തികൊണ്ടുവരുന്നതിനു സഹായകമായ വിധത്തില്‍ നമ്മുടെ വിദ്യാഭഭ്യാസ സമ്പ്രദായം ഉടച്ചുവാര്‍ക്കണമെന്നു പറയുന്നത്.

വരും തലമുറകളെ പൂര്‍ണ്ണമായും സൃഷ്ട്യുന്മുഖരാക്കിത്തീര്‍ക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം നിലവില്‍ വരണമെന്നതാണ് എന്റെ നിലപാട്. നമ്മള്‍ ഒറ്റപ്പെട്ടു കഴിയുന്നവരല്ല. സാഹചര്യമാണ് പ്രധാനം.നമ്മള്‍ കെട്ടിയിടപ്പെട്ടവരല്ല. അതിനാല്‍ വിമര്‍ശനാത്മക ചിന്തയും മാറ്റങ്ങളുള്‍ക്കൊള്ളാനുള്ള സന്നദ്ധതയും പ്രധാനമാണ്. നമ്മള്‍ ഈ ഭൂമുഖത്തെ സ്ഥിരം വാസക്കാരല്ല. അതിനാല്‍ നമ്മള്‍ നേടിയതൊക്കെ വരുന്നതലമുറയ്ക്കു കൈമാറേണ്ടതുണ്ട്.

ചുരുക്കി പറഞ്ഞാല്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച എന്റെ വീക്ഷണം ഇതാണ്: ഒരു കുട്ടി ഈ ലോകത്തു പിറന്നുവീഴുന്ന സമയംതൊട്ടു അത് പഠിച്ചു തുടങ്ങുകയാണ്. ഒരു കുട്ടി അതിന്റെ മാതാപിതാക്കളില്‍ നിന്നു നേടുന്ന സ്നേഹവാത്സല്യങ്ങള്‍ക്കും പരിചരണത്തിനും മേല്‍ നമുക്കൊരു നിയന്ത്രണവുമില്ല. എന്നാല്‍ ഔപചാരിക വിദ്യാഭ്യാസത്തിനു തുടക്കം കുറിക്കാറാകുമ്പോള്‍ ആദ്യം ചെയ്യണ്ടത് ചുറ്റുമുള്ള പ്രകൃതിയെ കണ്ടു വിസ്മയം കൊള്ളാനും ജിജ്ഞാസുവാകാനും പഠിപ്പിച്ചു കൊടുക്കുകയെന്നതാണ്. മൂന്നു വയസ്സാകുമ്പോഴേക്കും ഇക്കാര്യം പറഞ്ഞുകൊടുക്കാം. ഒരാള്‍ ജീവിതത്തിലുടനീളം " എന്തുകൊണ്ട് ?" എന്ന ചോദ്യം ചോദിക്കാന്‍ ശീലിക്കേണ്ടതാണ്. ചെടികളെയും മരങ്ങളെയും നോക്കാനും മൃഗങ്ങളെ തൊട്ടുനോക്കാനും ആകാശം നിരീക്ഷിക്കാനും അവരെ പരിശീലിപ്പിച്ചാല്‍ ചോദ്യം ചോദിക്കുന്ന അവര്‍ സ്വയം പഠിച്ചുകൊള്ളും. പ്രൈമറി തലത്തിലും ഇത് തുടരേണ്ടതാണ്. മുല്യങ്ങളെക്കുറിച്ചു പഠിക്കുന്നതാണ് അടുത്ത ഘട്ടം - മുതിര്‍ന്നവരെ ബഹുമാനിക്കുക, സഹജീവികളെ തനിക്കു തുല്യരായി കാണുക, മറ്റുള്ളവരുമായി അനുഭവങ്ങള്‍ പങ്കിടുക, നന്നായി പെരുമാറുക, ചെയ്യുന്ന പ്രവര്‍ത്തിയില്‍ ആത്മാര്‍ത്ഥമായി മുഴുകുക, അവനവനില്‍ മതിപ്പുണ്ടായിരിക്കുക, മറ്റുള്ളവരെ നിരുപാധികമായി സ്നേഹിക്കുക, കരുണയുള്ളവനായിരിക്കുക, ഇതര സംസ്കാരങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സംവേദനക്ഷമതയുണ്ടായിരിക്കുക, അവനവനോട് തന്നെയും സമൂഹത്തോടും ഉത്തരവാദിത്വമുള്ളവനായിരിക്കുക. ഈ രണ്ടാം ഘട്ടം നാലു വയസ്സാകുമ്പോഴേക്കും തുടങ്ങണം. അടുത്ത ഘട്ടത്തില്‍, അതായതു അഞ്ചാം വയസ്സില്‍, എഴുതാനും വായിക്കാനും കണക്കു കൂട്ടാനും പഠിപ്പിച്ചു തുടങ്ങണം. ഈ രീതി പിന്തുടരുകയാണെങ്കില്‍ നമ്മുക്കു അഭിമാനിക്കത്തക്കതായ ഒരു തലമുറയെ ലഭിക്കുമെന്നും മനുഷ്യരാശിക്ക് സന്തുലിതമായ പുരോഗതി കൈവരിക്കാന്‍ സഹായിക്കുമെന്നും എനിക്കുറപ്പുണ്ട്. ഇത്തരത്തിലൊരു വിദ്യാഭാസ പരിപാടി നിലയില്‍ വരുന്നതിനെയാണ് ഞാന്‍ ഉറ്റു നോക്കുന്നത്!

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India