Menu

Posts from 2016-01-03

ബുദ്ധിപരവും വികാസപരവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കരട് നിയമം

ബ്ലോഗ് ചേര്‍ത്തത് ഡോ. സാമുവല്‍ എന്‍. മാത്യു, എക്സിക്യൂട്ടീവ് ഡയറക്ടര്‍, നിഷ്

ഇന്നലെ ( ജനുവരി 2, 2016 ) രക്ഷാകര്‍ത്തകളും അഭിഭാഷകരും സേവനദാതാക്കളും സര്‍ക്കാരിതര സംഘടനകളുടെ പ്രതിനിധികളും ഉള്‍പ്പടെയുള്ളവരുമായി ഞാനൊരു ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അടിയന്തര ശ്രദ്ധ പതിയേണ്ട ഒന്നായിരുന്നു ചര്‍ച്ചാ വിഷയം - ബുദ്ധിപരമായ വൈകല്യങ്ങളുള്ള കുട്ടികളെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമ നിര്‍മ്മാണം. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കേരള സംസ്ഥാന കമ്മീഷനാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ഒട്ടേറെ പുതിയ ഉള്‍കാഴ്ചകളുമായാണ് ഞാന്‍ പുറത്തു കടന്നത്. ആരുടേയും ഹൃദയം പൊട്ടിപോകുന്ന തരത്തിലുള്ള കഥകളാണ് കേട്ടത്. അവയാണ് അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയങ്ങള്‍.

എല്ലാ വൈകല്യങ്ങളും അതുല്യമാണ്. കേള്‍വി ശക്തി, കാഴ്ച ശക്തി, സഞ്ചാരം, ബുദ്ധിശക്തി എന്നി വൈകല്യങ്ങള്‍ അവയുടേതായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ' മാനസിക വെല്ലുവിളി ' അഥവാ ' ബൗദ്ധിക വൈകല്യം ' പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. കാരണം ഇവരുടെ ധാരണാശക്തി പരിമിതവും വികാരങ്ങള്‍ പെട്ടെന്ന് വ്രണപ്പെടുന്നതുതന്നെ അറിവോ നൈപുണ്യമോ ആര്‍ജ്ജിക്കുന്നതില്‍ അവര്‍ക്കു പരിമിതികള്‍ ഉള്ളതു പോലെ ജീവിതത്തില്‍ ഓരോ തീരുമാനങ്ങളെടുക്കുന്നതിലും സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലും പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കാണുന്നതിലും അവര്‍ക്കു പരാധിനതകള്‍ ഉണ്ട്. ശാരീരിക വൈകല്യം ഇതിനു പുറമെയാണ്. ഒന്നിലേറെ വൈകല്യങ്ങളുള്ളവര്‍ മാനസിക വെല്ലുവിളികള്‍ക്കൂടി നേരിടുന്നുവെന്നത് മറ്റൊരു പരാധീനതയാകുന്നു. ശരിയായ ധാരണാശക്തിയുള്ള ഒരാളിന്റെ വൈകല്യങ്ങള്‍ അതിജീവിക്കുന്നതിനും പകരം ക്രമീകരണങ്ങള്‍ നടത്തുന്നതിനുമുള്ള സാങ്കേതിക വിദ്യകള്‍ ഇന്നുണ്ട്. കേള്‍വി തകരാറുള്ള ഒരാളിന് ശ്രവണ സഹായി കൊണ്ടോ കോക്ലിയാര്‍ ഇമ്പ്ലാന്റിങ് കൊണ്ടോ കേള്‍വിതകരാറിനെ അതിജീവിക്കാനാകും. ആംഗ്യ ഭാഷ ഉപയോഗിച്ചോ എഴുതിക്കാട്ടിയോ ആണ് കേള്‍വി തകരാറുള്ളവര്‍ ആശയവിനിമയം നടത്തുന്നത്. സംസാരശേഷി ഇല്ലാത്തവര്‍ക്കും സംസാര തടസമുള്ളവര്‍ക്കും ഓഗ്മെന്ററ്റിവ് ആന്റ് ഓള്‍ട്ടര്‍നേറ്റീവ് കമ്മ്യൂണിക്കേഷന്‍ ( AAC ) രീതികള്‍ സ്വീകരിക്കാവുന്നതാണ്. അംഗവൈകല്യമുള്ളവരെ സംബന്ധിച്ചാണെങ്കില്‍ വീല്‍ച്ചെയറുകള്‍ തുടങ്ങി ചലനസഹായികളായ നിരവധി ഉപകരണങ്ങള്‍ ഉപയോഗിക്കാനാവും.വൈകല്യങ്ങളുണ്ടെങ്കിലും ബുദ്ധിപരമായി ഒരു തകരാറുമില്ലാത്ത ആളിന് സമ്പൂര്‍ണ്ണ ജീവിതം നയിക്കാനാകുമെന്നുള്ളതിനു ഒന്നാന്തരം ഉദാഹരണമാണ് സ്റ്റീഫന്‍ ഹോക്കിങ്. ഭൂമുഖത്തു ഇന്ന് ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞന്മാരില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ആളാണ് അദ്ദേഹം. എന്നാല്‍ ഗ്രഹണശക്തിക്കു തകരാറു സംഭവിച്ചവരുടെ കാര്യത്തില്‍ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പരസഹായം ആവിശ്യമാണെന്നതിനാല്‍ ശാസ്ത്രത്തിനു കാര്യമായൊന്നും ചെയ്യാനാവില്ല. ഇങ്ങനെയുള്ളവരെ ദുരുപയോഗം ചെയ്യുകയും അവഗണിക്കുകയും അവരോടു വിവേചനം കാട്ടുകയും ചെയ്യുന്നതില്‍ നിന്ന് അവരെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ ഭരണാധികാരികള്‍ നടപ്പാക്കേണ്ടതാണ്.എല്ലാവര്‍ക്കും തുല്യാവസരം നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ബുദ്ധിവൈകല്യമുള്ളവരുടെ കാര്യത്തില്‍ ഇത് അര്‍ഥശൂന്യമാണ്‌. തങ്ങളുടെ ആവിശ്യങ്ങള്‍ അവര്‍ക്കു സ്വയം ഉന്നയിക്കാനാവില്ലെന്നതുതന്നെ കാരണം.

ഇന്നത്തെ യോഗത്തില്‍ വിശദമാക്കപ്പെട്ട ചില വൈയക്തികാനുഭവങ്ങള്‍ ശ്രദ്ധയങ്ങളാണ്. അവ നമ്മുടെ മനസാക്ഷിയെ പിടിച്ചുലയ്ക്കുകയും ചില യാഥാര്‍ത്ഥ്യങ്ങളുള്‍ക്കൊള്ളാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഒരു സ്പെഷ്യല്‍ സ്കൂളും അനാഥമന്ദിരവും നടത്തുന്ന ഒരു കന്യാസ്ത്രി തന്റെ സ്ഥാപനത്തില്‍ അഭയം നല്‍കിയ പത്ത് പെണ്‍കുട്ടികളുടെ അനുഭവങ്ങള്‍ വിവരിക്കുകയുണ്ടായി. ലംഗികമായി പീഡിപ്പിക്കപ്പെട്ട ആ കുട്ടികളെ അവരുടെ മാതാപിതാക്കള്‍ക്ക് ആവിശ്യമില്ല. അനാഥ മന്ദിരം നടത്തുന്ന മറ്റൊരാള്‍ ലംഗികമായി ചൂഷണം ചെയ്യപ്പെട്ട ബുദ്ധിവൈകല്യമുള്ള കുറെ സ്ത്രീകളുടെ കഥയാണ് വിവരിച്ചത്. നിര്‍ദ്ദയരായ പുരുഷന്മാരുടെ ലംഗികാതിക്രമങ്ങളെത്തുടര്‍ന്നു ഗര്‍ഭം ധരിക്കാനിടയായ നിസ്സഹായരായ സ്ത്രീകളെ അഗതി മന്ദിരത്തില്‍ എത്തിക്കുകയും പ്രസവശേഷം കുട്ടികളെ അവിടെ ഉപേക്ഷിച്ചു ബന്ധുക്കള്‍ അവരെ കൂട്ടികൊണ്ടു പോവുകയും ചെയ്യുന്നു. കുട്ടികളെ എങ്ങനെ പരിപാലിക്കണമെന്നുപോലും അറിയാത്ത ആ അമ്മമാരേ കുട്ടികളില്‍നിന്നു അടര്‍ത്തിമാറ്റിക്കൊണ്ടുപോകുമ്പോള്‍ അവര്‍ക്കു ഒരു വികാരവും തോന്നുന്നില്ല. ഒരു സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ തന്റെ നഗരത്തില്‍ നടന്ന ഒരു സംഭവം വിവരിക്കുകയുണ്ടായി.

നബിദിന റാലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടി മുതിര്‍ന്ന മറ്റൊരു കുട്ടിയെ തള്ളിതാഴെയിട്ടു. മുതിര്‍ന്ന കുട്ടി വീണെങ്കിലും ആ കുട്ടിക്കു കാര്യമായ പരിക്കൊന്നും പറ്റിയിരുന്നില്ല. സംഭവം കണ്ടുകൊണ്ടു നിന്ന മുതിര്‍ന്ന കുട്ടിയുടെ ബന്ധു ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ അതിക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി മുറിവേറ്റ അവനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ഈ സംഭവത്തില്‍ ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും മര്‍ദകന്റെ സ്വാധിനശക്തിയുടെ പേരില്‍ പോലീസുകാര്‍ കേസെടുക്കാന്‍ തയ്യാറായില്ല. മര്‍ദ്ദനമേറ്റ കുട്ടി ആശുപത്രിയില്‍ കിടക്കുമ്പോഴും മര്‍ദിച്ചവന്‍ നഗരത്തില്‍ സൈരവിഹാരം നടത്തുകയാണ്. അയാളുടെ അമ്മയാകട്ടെ ഇക്കാര്യത്തില്‍ നിസ്സഹായയുമാണ്.

നിയമനിര്‍മ്മാണത്തില്‍ വൈദഗ്ധ്യമുള്ള ഉത്സാഹികളായ ഏതാനും അഭിഭാഷകരെ ഞാന്‍ കാണുകയുണ്ടായി. വൈകല്യമുള്ളവരുടെ പ്രശ്നങ്ങള്‍ അറിയുകയും അവര്‍ അഭിമുഖിക്കരിക്കുന്ന വിഷമതകള്‍ കൃത്യമായി കണ്ടെത്തുകയും ചെയ്യാന്‍ കഴിയുന്ന ഏതാനും സേവന ദാതാക്കളെയും പ്രൊഫഷനലുകളെയും എനിക്ക് കാണാന്‍ കഴിഞ്ഞു. ബാലാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ - ന്റെയും അവരുടെ സഹപ്രവര്‍ത്തകരുടെയും ശ്രമമാണ് നല്ലവരായ ഇവരെ ഒരേ വേദിയില്‍ എത്തിച്ചത്. വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധരും സമര്‍പ്പിത ചേതസ്സുകളുമായവര്‍ ഒത്തു ചേര്‍ന്നാല്‍ സമൂഹത്തില്‍ അവഗണിക്കപ്പെട്ടുപോകുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു ചട്ടക്കൂട് ഉണ്ടാക്കിയെടുക്കാന്‍ നമ്മുക്കു കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്. പ്രതീക്ഷയുടെ ഒരു രജതരേഖ ഞാനിവിടെ കാണുന്നു.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India