Menu

Posts tagged "#deafeducation"

ശ്രവണവൈകല്യമുളള കുട്ടികള്‍ക്കുവേണ്ടി ഓറിയന്‍റേഷന്‍ പ്രോഗ്രാം- ഒരു പുതിയ ചുവടുവയ്പ്

ശ്രവണ സംസാര വൈകല്യമുളള കുട്ടികള്‍ക്കുവേണ്ടി 2008 മുതല്‍ നമ്മള്‍ ഡിഗ്രി പ്രോഗ്രാം നടത്തിവരുന്നു. 2011-ല്‍ ആദ്യ ബാച്ച് ബിരുദ വിദ്യാര്‍ത്ഥികള്‍  പുറത്തിറങ്ങി. അതിനു ശേഷം മൂന്ന് ബാച്ചുകള്‍ കൂടി പുറത്തിറങ്ങുകയുണ്ടായി. ആശയവിനിമയത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ബിരുദപഠനത്തിന്‍റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ 2011 മുതല്‍ ഡിഗ്രി പ്രോഗ്രാമുകളില്‍ നമ്മള്‍ പലവിധ പരിഷ്കാരങ്ങളും ആവിഷ്കരിച്ചുവരുന്നുണ്ട്.

ശരിയായ ദിശയില്‍ നയിക്കല്‍, അദ്ധ്യാപനം, ഓരോ വിദ്യാര്‍ത്ഥിയെയും പ്രത്യേകം പ്രത്യേകം പരിശീലിപ്പിക്കുന്നതിനു വേണ്ടി വോളന്റിയര്‍മാരുടെ സേവനം, വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തിയ ക്ലാസ്സ് മുറികള്‍, കുതിരലാടാകൃതിയില്‍ സംവിധാനം ചെയ്ത ക്ലാസ്സ്മുറികള്‍, വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ആംഗ്യഭാഷാപഠനം(ഇന്‍ഡ്യന്‍ സൈന്‍ ലാങ്ഗ്വിജ്-ISL), സൈന്‍ ലാങ്ഗ്വിജ് മാദ്ധ്യമമായി സ്വീകരിച്ചുകൊണ്ടുളള അദ്ധ്യാപനം, ക്ലാസ്സുകളില്‍ സ്മാര്‍ട് ബോര്‍ഡും ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയും, ഗെയ്മുകള്‍, പ്രോജക്ടുകള്‍, ക്വിസ് പ്രോഗ്രാമുകള്‍ ഇവയൊക്കെയാണ് അദ്ധ്യാപനത്തിന് ഫാക്കള്‍ട്ടികള്‍ സ്വീകരിച്ചിരിക്കുന്ന തന്ത്രങ്ങള്‍. ഞങ്ങള്‍  ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. 2014 കോളെജ് പ്രവേശനത്തിനുശേഷം ഡിഗ്രി (എച്ച്.ഐ.) പ്രോഗ്രാമിലെ എല്ലാ ഫാക്കള്‍ട്ടികള്‍ക്കും സ്റ്റാഫിനും വേണ്ടി ഒരു ബ്രെയ്ന്‍ സറ്റോമിങ് സെഷന്‍ നടത്തുകയും കുട്ടികളെ പ്രവേശിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ചില മൗലിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നു നിശ്ചയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രത്യാശയും ദീര്‍ഘവീക്ഷണവുമുളള കുട്ടികളെയും അവരുടെ രക്ഷകര്‍ത്താക്കളെയും 2015-ന്‍റെ തുടക്കത്തില്‍ ഒരു ദിവസം ഞങ്ങള്‍ നിഷ്-ലേക്കു വിളിച്ചുവരുത്തി. പ്രവേശനപരീക്ഷയെ സംബന്ധിച്ച് കുട്ടികള്‍ക്ക് വ്യക്തമായ ധാരണ നല്കുക, ഒരു മാതൃകാ പരീക്ഷ നടത്തുക, തങ്ങളുടെ കുട്ടികളുടെ നിലവാരം മനസ്സിലാക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് ആവസരം നല്കുക, ഡിഗ്രി പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കുക എന്നിവയായിരുന്നു ആ കൂടിച്ചേരലിന്റെ ഉദ്ദേശ്യങ്ങള്‍.

2015 മാര്‍ച്ചില്‍ കേരളത്തിലെ പ്ലസ് ടൂ പരീക്ഷകള്‍ കഴിഞ്ഞയുടനെ ഞങ്ങള്‍ ആസൂത്രണം ചെയ്ത ഓറിയന്റേഷന്‍ പ്രോഗ്രാം സംബന്ധിച്ച പത്രക്കുറിപ്പു പ്രസിദ്ധീകരിക്കുകയും തത്പരരായ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ രജിസ്രേഷന്‍ നടത്താന്‍   പ്രേരിപ്പിക്കുകയും  ചെയ്തു. നൂറോളം വിദ്യാര്‍ത്ഥികള്‍ ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുകയുണ്ടായി നൂറു വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷകര്‍ത്താക്കളെയും ഒന്നിച്ചു കൈകാര്യം ചെയ്യാനാവാത്തതിനാല്‍ അവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ഏപ്രില്‍ 11,16,17 തീയതികളിലായാണു ക്ഷണിച്ചുവരുത്തിയത്. ഇത് പ്രവേശന നടപടി ക്രമങ്ങളുടെ ഭാഗമല്ലാതിരുന്നതിനാല്‍ ‘’തത്പരരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുളള ഓറിയന്റേഷന്‍ പ്രോഗ്രാം’’ എന്നാണു ഞങ്ങളിതിനെ വിളിച്ചത്.”.

വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ നിലവാരം രക്ഷിതാക്കള്‍ കണ്ടു മനസ്സിലാക്കണമെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. മുന്‍കാലങ്ങളില്‍ രക്ഷകര്‍ത്താക്കള്‍ കൂടെക്കൂടെ വന്ന് തങ്ങളുടെ കുട്ടികള്‍ സമര്‍ത്ഥരാണെന്നും പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കുനേടിയെന്നും പറയുന്നതു കേള്‍ക്കാന്‍ എനിക്കിടയായിട്ടുണ്ട്. പ്ലസ് ടൂ കഴിഞ്ഞുവരുന്ന ശ്രവണവൈകല്യമുളള കുട്ടികളില്‍ ഏതാണ്ടു നൂറു ശതമാനവും ഭാഷയിലും അടിസ്ഥാനഗണിതത്തിലും വളരെ പിന്നിലാണെന്ന് അനുഭവങ്ങളില്‍ നിന്നു ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ഒന്നാം തരത്തിലോ രണ്ടാം തരത്തിലോ പഠിക്കുന്ന കുട്ടികളുടെ നിലവാരം മാത്രമുളള വിദ്യാര്‍ത്ഥികളെയും കാണാനിടയായി. ഈ അവസ്ഥ രക്ഷകര്‍ത്താക്കളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. മാര്‍ക്ക് കുട്ടികളുടെ നിലവാരം വെളിപ്പെടുത്താന്‍ പര്യാപ്തമല്ല. അതിനാല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്കുന്ന പതിവ് ഞങ്ങള്‍ അവസാനിപ്പിച്ചു. മക്കളുടെ കാര്യത്തില്‍ എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിക്കുമെന്ന് സ്വപ്നം കണ്ടുകൊണ്ടിരിക്കാതെ അവരുടെ ഭാവി സംബന്ധിച്ച് യുക്തിപൂര്‍വ്വമായ തീരുമാനം കൈക്കൊളളാന്‍ ഞങ്ങള്‍ അവരെ ഉപദേശിച്ചു. പ്രവേശനപ്പരീക്ഷയ്ക്കനുകൂലമായ  ഒരു വികാരം കുട്ടികളില്‍ ജനിപ്പിക്കാനും ഞങ്ങള്‍ ശ്രമം നടത്തി. അവരെ പഠിപ്പിച്ച പാഠങ്ങള്‍ മനഃപാഠമാക്കി അവ ഉത്തരക്കടലാസില്‍ പകര്‍ത്തുന്ന രീതിയാണ് അവര്‍ ഇതുവരെ അവലംബിച്ചുപോന്നത്. ഇതിനൊരു മാറ്റം വരുത്തിക്കൊണ്ട് യുക്തിപൂര്‍വ്വം ചിന്തിച്ച് ഉത്തരമെഴുതാനും അതുവഴി അവരുടെ അറിവു പരീക്ഷിച്ചറിയാനും ഞങ്ങള്‍ നിശ്ചയിച്ചു. ഈ ലക്ഷ്യം മനസ്സില്‍ വച്ചുകൊണ്ട് അവിടെ എത്തിച്ചേര്‍ന്നവര്‍ക്ക് ഒരു ദിവസത്തെ പരിപാടികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്തു.

ഈ ഉദ്യമങ്ങള്‍ ഏകോപിപ്പിച്ച മിസ് രാജി ഗോപാലിന്റെ ആമുഖത്തോടെയാണ് ആ ദിവസത്തെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയ്ക്ക് സന്നിഹിതരായിരിക്കുന്നവരെ ഞാന്‍ അബിസംബോധന ചെയ്തു. ഇതേ തുടര്‍ന്ന വൈകല്യമുളള കുട്ടികളുടെ രണ്ടു രക്ഷിതാക്കള്‍, സീനിയര്‍ ക്ലാസ്സിലുളള രണ്ടു വിദ്യാര്‍ത്ഥികള്‍, സൈക്കോളജിസ്റ്റ്, ഡിഗ്രി പ്രോഗ്രാമിലെ  അദ്ധ്യാപകര്‍ എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ ചുരുക്കി പങ്കുവച്ചു. സംശയങ്ങള്‍ ചോദിക്കുന്നതിനും വിശദീകരങ്ങള്‍ തേടുന്നതിനും ആവശ്യത്തിനു സമയം അനുവദിച്ചിരുന്നു. ഈ സമയം ഞാന്‍ അമേരിക്കയിലായിരുന്നതിനാല്‍ സ്കൈപ്പ് ചെയ്തുകൊണ്ട് ഞാന്‍ സദസ്യരുമായി സംവദിച്ചു. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുമെന്നതിനാല്‍ ഞാന്‍ തിരിച്ചെത്തുംവരെ ഈ പരിപാടി നീട്ടിവയ്ക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല.

വസ്തുതകള്‍ ഞങ്ങള്‍ തുറന്ന മനസ്സോടെ ചര്‍ച്ചചെയ്തു. ഭാഷാപരമായ പരിമിധികള്‍, അപര്യാപ്തമായ ചിന്ത, പെരുമാറ്റ പ്രശ്നങ്ങള്‍, പ്രചോദനം, രക്ഷകര്‍ത്താക്കള്‍ കൃത്യമായി ഇടപെടാതിരിക്കുക എന്നിവയെല്ലാം ചര്‍ച്ചാവിഷയമായി. കുട്ടികളുമായി സാര്‍ത്ഥകമായ ആശയവിനിമയം നടത്തി അവരെ യാഥാര്‍ത്ഥ്യബോധത്തോടെ  മനസ്സിലാക്കുന്നതിന് രക്ഷകര്‍ത്താക്കളെ ഞങ്ങള്‍ പ്രേരിപ്പിച്ചു. ഓരോ സെഷനും കഴിയുമ്പോള്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതില്‍ രക്ഷകര്‍ത്താക്കള്‍ എത്രമാത്രം സന്തുഷ്ടരാണെന്ന് അദ്ധ്യാപകര്‍ വന്ന് അറിയിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ അവര്‍ക്ക് തങ്ങളുടെ കുട്ടികളെക്കുറിച്ച്  കുറേക്കൂടി നന്നായറിയാം. ഇതു ഞങ്ങള്‍ക്കും സന്തോഷം പകരുന്നു. ഈ ഓറിയന്റേഷന്‍ പ്രോഗ്രാമിനുശേഷം പ്രവേശന നടപടികള്‍ എങ്ങനെ മെച്ചപ്പെട്ടുവരുന്നുവെന്ന് ഞങ്ങള്‍ നിരീക്ഷിക്കാന്‍ പോകുകയാണ്.

ഞാനിതെഴുതുമ്പോള്‍ ഞങ്ങളുടെ മൂന്നാമത്തെ സെഷനും കഴിഞ്ഞിരിക്കുന്നു. ഇത്തരമൊരുദ്യമം സഫലമാക്കിയതില്‍ ഞങ്ങള്‍ക്കു ചാരിതാര്‍ത്ഥ്യമുണ്ട്. ഇത്ര ഭംഗിയായി ഇത് ആസൂത്രണം ചെയ്ത് സംഘടിപ്പിച്ച ടീം അംഗങ്ങള്‍ മഹത്തായൊരു കാര്യമാണ് നിര്‍വഹിച്ചിരിക്കുന്നത്. എല്ലാ ടീം അംഗങ്ങളോടും എന്‍റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. മിസ്. രാജി ഗോപാല്‍, മിസ്. രാജി.എന്‍.ആര്‍., മിസ്. ചിത്ര പ്രസാദ്, മിസ്റ്റര്‍. പ്രശാന്ത്.ആര്‍.എല്‍. എന്നിവരാണ് ഈ ടീമിലെ അംഗങ്ങള്‍. ശ്രവണ വൈകല്യമുളളവരെ പഠിപ്പിക്കുന്നതില്‍ ഇവര്‍ പ്രദര്‍ശിപ്പിക്കുന്ന അര്‍പ്പണബോധവും നൂതനമായ സമീപനവുമാണ് ഈ വിജയത്തിനു നിദാനം. ശ്രവണവൈകല്യമുളള ഒരു വിദ്യാര്‍ത്ഥിയുടെ മാതാവായ മിസ്. ജയലക്ഷ്മി മൂന്ന് സെഷനുകളുടെയും റിസോഴ്സ് പേഴ്സണായി പ്രവര്‍ത്തിക്കുകയും വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളുമായി സംവദിക്കുകയും ചെയ്തു.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India