Menu

Posts from 2015-11-29

കേന്ദ്ര സാമൂഹികനീതി - ശാക്തീകരണ വകുപ്പ് മന്ത്രിയുടെ സന്ദർശനം

ബ്ലോഗ് രേഖപ്പെടുത്തിയത് : ഡോ. സാമുവല്‍ എന്‍. മാത്യു

നമ്മുടെ ക്യാമ്പസ്സില്‍ ഇന്നലെ ചില അതി വിശിഷ്ട വ്യക്തികളുടെ സന്ദര്‍ശനമുണ്ടായി. കേന്ദ്ര ക്യാബിനറ്റില്‍ സാമൂഹിക നീതി - ശാക്തീകരണ വകുപ്പ് മന്ത്രി ശ്രീ തവര്‍ചങ് ഗെലോട്ട്, അദ്ദേഹത്തിന്റെ മന്ത്രാലയത്തിലെ സെക്രട്ടറി ശ്രീ ലവ് വര്‍മ്മ IAS, ജോയിന്റ് സെക്രട്ടറി ശ്രീ അവനിഷ് കുമാര്‍ അവസ്തി IAS എന്നിവരായിരുന്നു ഈ സന്ദര്‍ശകര്‍.

ദീര്‍ഘകാല സേവന ചരിത്രമുള്ള തഴക്കം ചെന്ന രാഷ്രിയ നേതാവായ ശ്രീ ഗെലോട്ട് കേന്ദ്രത്തില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സാമൂഹിക നീതി നടത്തിപ്പിലും ആലംബഹീനരുടെ ഉന്നമനത്തിലും അതീവ തത്പരനായ അദ്ദേഹത്തിന്റെ നേതൃത്വം സാമൂഹികനീതി മന്ത്രാലയത്തിന് സാമൂഹിക നീതിയും ശാക്തീകരണവും , വൈകല്യമുള്ളവരുടെ ശാക്തീകരണം എന്നും രണ്ടു വകുപ്പുകള്‍ ഉണ്ട്. വൈകല്യങ്ങളുള്ളവരുടെ ശാക്തീകരണത്തിനുള്ള വകുപ്പിന്റെ സെക്രട്ടറി ശ്രീ ലവ് വര്‍മ്മയും ജോയിന്റ് സെക്രട്ടറി ശ്രീ അവസ്‌തിയുമാകുന്നു.

മന്ത്രാലയത്തിന്റെ താത്പര്യപ്രകാരമായിരുന്നു ഈ സന്ദര്‍ശനം. നിഷ് സന്ദര്‍ശിക്കാനും ഇവിടത്തെ വിദ്യാര്‍ത്ഥികളെയും സ്റ്റാഫിനെയും കാണാനും അദ്ദേഹം സമയം കണ്ടെത്തിയതില്‍ ഞങ്ങള്‍ക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. തിരുവനന്തപുരത്തു അദ്ദേഹത്തിന് ഈ പരിപാടി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നതിനാല്‍ ഈ പരിപാടി അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനത്തിലെ മുഖ്യയിനമായിരുന്നു. മന്ത്രി നിഷിലെ ഓരോ വകുപ്പും നടന്നു കാണുകയും കുട്ടികളുമൊത്തു സമയം ചിലവൊഴിക്കുകയും സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. നിഷ് ന്റെ പുതിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി നിഷ് കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ശ്രീ എ. ഷാജഹാന്‍ IAS പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. തികച്ചും അനൗപചാരികമായിരുന്നു ഈ ചടങ്ങു. ഈ മീറ്റിങ്ങിനുവേണ്ടി പുതിയ ഓഡിറ്റോറിയം ഞങ്ങള്‍ സജ്ജമാക്കുകയായിരുന്നു. പുതിയ ബ്ലോക്കിലെ ആദ്യ പരിപാടിയായിരുന്നു ഇത്.

രണ്ടു കൊച്ചുകുട്ടികള്‍ - ഒരാള്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാമില്‍ നിന്നും മറ്റൊരാള്‍ ഓട്ടിസം ഇന്റര്‍വെന്‍ഷനില്‍ നിന്നും - വിശിഷ്ടാതിഥികള്‍ക്കു മുന്‍പില്‍ പരിപാടികള്‍ അവതരിപ്പിച്ചു. അവരെ സംബന്ധിച്ചിടത്തോളം സദസ്സിനു മുന്നില്‍ കളിക്കുകയെന്നത് ഒരു വെല്ലുവിളിയായിരുന്നു. ഓട്ടിസം ഇന്റര്‍വെന്‍ഷനിലെ കുട്ടി നിശ്ചലയായി നില്‍ക്കുന്നതുകണ്ട് ഏതാനും മിനിറ്റു ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചു ഇരുന്നു പോയി. തന്നെത്തന്നെ നോക്കിയിരിക്കുന്ന വലിയൊരാള്‍ക്കൂട്ടത്തിനുമുന്നില്‍ എന്തെങ്കിലും പ്രകടിപ്പിക്കാന്‍ മടിച്ചു നില്‍ക്കുന്ന കുട്ടിയെ തിരിച്ചു വിളിച്ചാലോ എന്ന് ഞാന്‍ വിചാരിച്ചു. പക്ഷെ, വളരെ പെട്ടന്ന്തന്നെ അവള്‍ മനസ്സാന്നിധ്യം വീണ്ടെടുക്കുകയും ഒരു മലയാള പദ്യം ചൊല്ലുകയും ചെയ്തു. പെട്ടന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അദ്ദേഹം ഉടന്‍തന്നെ രണ്ടു പൂച്ചെണ്ടുകള്‍ ആ കുട്ടികള്‍ക്ക് സമ്മാനിച്ചു!

ഞങ്ങളുടെ വിദ്യാർത്ഥിയായ ബോബിൻ രചിച്ച ഛായാചിത്രമായിരുന്നു മറ്റൊരു ആകർഷണം. ബോബിൻ അത് മന്ത്രിക്കു സമ്മാനിച്ചു. ബാല എന്ന് പേരായ വിദ്യാർഥി രചിച്ച മനോഹരമായ മറ്റൊരു പെയിന്റിംഗ് കൂടി മന്ത്രിക്കു സമ്മാനിച്ചു. മീറ്റിങ് നടന്നു കൊണ്ടിരിക്കെ ഫൈൻ ആർട്സ് വിഭാഗത്തിലെ ഫാക്കൾട്ടിയായ അരുൺ ഗോപാൽ മൂന്നു വിശിഷ്ടാതിഥികളുടെയും കാരിക്കേച്ചർ വരയ്ക്കുകയും യോഗാവസാനം അവ അവർക്കു സമ്മാനിക്കുകയും ചെയ്തു. ഇത് അതിഥികൾക്ക് അപ്രതീക്ഷിതമായ ഒരനുഭവമായിരുന്നു. ലൈവായി വരച്ച ആ കാരിക്കേച്ചറുകൾ കണ്ട അവർക്കു സന്തോഷമടക്കാനായില്ല.

ചടങ്ങു കഴിഞ്ഞയുടനെ മന്ത്രിയും പരിവാരങ്ങളും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അദ്ദേഹത്തിന്റെ ഔദോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു പോയി. മറ്റു സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ പ്രമുഖരും ആ മീറ്റിങ്ങിനെത്തിയിരുന്നു. മുഖ്യമന്ത്രി അത്യധികം സന്തോഷത്തോടെ അതിഥികളുമായി തുറന്ന ചർച്ച നടത്തി. പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്ന ജനവിഭാഗത്തിന് വേണ്ടി കേന്ദ്രം മുന്നോട്ടു വെക്കുന്ന ഏതു പദ്ധതിക്കും ഏതു വിധത്തിലുമുള്ള സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. യോഗാനന്തരം എല്ലാവരെയും മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനു ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ തിരക്കേറിയ പരിപാടികൾക്കിടയിൽ ഇങ്ങനെയൊരു ആതിഥ്യ മര്യാദ അദ്ദേഹം പ്രദർശിപ്പിച്ചത് പതിവിനു വിപരീതമായിരുന്നുവെന്നു തോന്നി. കേന്ദ്ര സംഘവുമായി രണ്ടു മണിക്കൂറാണ് മുഖ്യമന്ത്രി ചിലവഴിച്ചത്. രണ്ടു വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാരായിരുന്നിട്ടും ഈ രണ്ടു നേതാക്കളും തമ്മിൽ അഭിലഷണീയമായ പരസ്പര സൗഹൃദവും വിശ്വാസവുമാണ് കാണാൻ കഴിഞ്ഞത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ എന്ത് തന്നെയായിരുന്നാലും ജനക്ഷേമത്തിനായി ഒത്തു ചേർന്ന് പ്രവർത്തിക്കുക എന്നതാണ് രണ്ടുപേരുടെയും നിലപാട്

വിശദമായ പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഷ് - നു അനുവദിക്കുന്ന ധനസഹായം മന്ത്രി പ്രഖ്യാപിച്ചു. മതിപ്പുളവാക്കുന്ന തുകയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അടിയന്തിരാവശ്യങ്ങളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രികരിച്ചു തുടങ്ങുകയാണ്. മറ്റുള്ളവർക്ക് മാതൃകയാകാവുന്ന അന്യുനമായ സൗകര്യങ്ങളടങ്ങുന്ന ഒരു ക്യാമ്പസ് സൃഷ്ടിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വ്യത്യസ്തതകൾ ഉൾകൊള്ളുന്ന ഒരു സംസ്കാരം. ഉത്തമ സംസ്കാരം തലമുറകളെ പരിവർത്തിപ്പിക്കുന്നു. അതുതന്നെയാണ് ഞങ്ങൾ അർഥമാക്കുന്നതും. നമ്മളെല്ലാം മണ്മറഞ്ഞാലും തലമുറകളിലൂടെ കൈ മാറിപ്പോകുന്ന ഒരു വ്യവസ്ഥാപിത സംസ്കാരം!

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India