Menu

Executive Director's Blog

ബുദ്ധിപരവും വികാസപരവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കരട് നിയമം

ബ്ലോഗ് ചേര്‍ത്തത് ഡോ. സാമുവല്‍ എന്‍. മാത്യു, എക്സിക്യൂട്ടീവ് ഡയറക്ടര്‍, നിഷ്

ഇന്നലെ ( ജനുവരി 2, 2016 ) രക്ഷാകര്‍ത്തകളും അഭിഭാഷകരും സേവനദാതാക്കളും സര്‍ക്കാരിതര സംഘടനകളുടെ പ്രതിനിധികളും ഉള്‍പ്പടെയുള്ളവരുമായി ഞാനൊരു ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അടിയന്തര ശ്രദ്ധ പതിയേണ്ട ഒന്നായിരുന്നു ചര്‍ച്ചാ വിഷയം - ബുദ്ധിപരമായ വൈകല്യങ്ങളുള്ള കുട്ടികളെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമ നിര്‍മ്മാണം. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കേരള സംസ്ഥാന കമ്മീഷനാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ഒട്ടേറെ പുതിയ ഉള്‍കാഴ്ചകളുമായാണ് ഞാന്‍ പുറത്തു കടന്നത്. ആരുടേയും ഹൃദയം പൊട്ടിപോകുന്ന തരത്തിലുള്ള കഥകളാണ് കേട്ടത്. അവയാണ് അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയങ്ങള്‍.

എല്ലാ വൈകല്യങ്ങളും അതുല്യമാണ്. കേള്‍വി ശക്തി, കാഴ്ച ശക്തി, സഞ്ചാരം, ബുദ്ധിശക്തി എന്നി വൈകല്യങ്ങള്‍ അവയുടേതായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ' മാനസിക വെല്ലുവിളി ' അഥവാ ' ബൗദ്ധിക വൈകല്യം ' പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. കാരണം ഇവരുടെ ധാരണാശക്തി പരിമിതവും വികാരങ്ങള്‍ പെട്ടെന്ന് വ്രണപ്പെടുന്നതുതന്നെ അറിവോ നൈപുണ്യമോ ആര്‍ജ്ജിക്കുന്നതില്‍ അവര്‍ക്കു പരിമിതികള്‍ ഉള്ളതു പോലെ ജീവിതത്തില്‍ ഓരോ തീരുമാനങ്ങളെടുക്കുന്നതിലും സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലും പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കാണുന്നതിലും അവര്‍ക്കു പരാധിനതകള്‍ ഉണ്ട്. ശാരീരിക വൈകല്യം ഇതിനു പുറമെയാണ്. ഒന്നിലേറെ വൈകല്യങ്ങളുള്ളവര്‍ മാനസിക വെല്ലുവിളികള്‍ക്കൂടി നേരിടുന്നുവെന്നത് മറ്റൊരു പരാധീനതയാകുന്നു. ശരിയായ ധാരണാശക്തിയുള്ള ഒരാളിന്റെ വൈകല്യങ്ങള്‍ അതിജീവിക്കുന്നതിനും പകരം ക്രമീകരണങ്ങള്‍ നടത്തുന്നതിനുമുള്ള സാങ്കേതിക വിദ്യകള്‍ ഇന്നുണ്ട്. കേള്‍വി തകരാറുള്ള ഒരാളിന് ശ്രവണ സഹായി കൊണ്ടോ കോക്ലിയാര്‍ ഇമ്പ്ലാന്റിങ് കൊണ്ടോ കേള്‍വിതകരാറിനെ അതിജീവിക്കാനാകും. ആംഗ്യ ഭാഷ ഉപയോഗിച്ചോ എഴുതിക്കാട്ടിയോ ആണ് കേള്‍വി തകരാറുള്ളവര്‍ ആശയവിനിമയം നടത്തുന്നത്. സംസാരശേഷി ഇല്ലാത്തവര്‍ക്കും സംസാര തടസമുള്ളവര്‍ക്കും ഓഗ്മെന്ററ്റിവ് ആന്റ് ഓള്‍ട്ടര്‍നേറ്റീവ് കമ്മ്യൂണിക്കേഷന്‍ ( AAC ) രീതികള്‍ സ്വീകരിക്കാവുന്നതാണ്. അംഗവൈകല്യമുള്ളവരെ സംബന്ധിച്ചാണെങ്കില്‍ വീല്‍ച്ചെയറുകള്‍ തുടങ്ങി ചലനസഹായികളായ നിരവധി ഉപകരണങ്ങള്‍ ഉപയോഗിക്കാനാവും.വൈകല്യങ്ങളുണ്ടെങ്കിലും ബുദ്ധിപരമായി ഒരു തകരാറുമില്ലാത്ത ആളിന് സമ്പൂര്‍ണ്ണ ജീവിതം നയിക്കാനാകുമെന്നുള്ളതിനു ഒന്നാന്തരം ഉദാഹരണമാണ് സ്റ്റീഫന്‍ ഹോക്കിങ്. ഭൂമുഖത്തു ഇന്ന് ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞന്മാരില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ആളാണ് അദ്ദേഹം. എന്നാല്‍ ഗ്രഹണശക്തിക്കു തകരാറു സംഭവിച്ചവരുടെ കാര്യത്തില്‍ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പരസഹായം ആവിശ്യമാണെന്നതിനാല്‍ ശാസ്ത്രത്തിനു കാര്യമായൊന്നും ചെയ്യാനാവില്ല. ഇങ്ങനെയുള്ളവരെ ദുരുപയോഗം ചെയ്യുകയും അവഗണിക്കുകയും അവരോടു വിവേചനം കാട്ടുകയും ചെയ്യുന്നതില്‍ നിന്ന് അവരെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ ഭരണാധികാരികള്‍ നടപ്പാക്കേണ്ടതാണ്.എല്ലാവര്‍ക്കും തുല്യാവസരം നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ബുദ്ധിവൈകല്യമുള്ളവരുടെ കാര്യത്തില്‍ ഇത് അര്‍ഥശൂന്യമാണ്‌. തങ്ങളുടെ ആവിശ്യങ്ങള്‍ അവര്‍ക്കു സ്വയം ഉന്നയിക്കാനാവില്ലെന്നതുതന്നെ കാരണം.

ഇന്നത്തെ യോഗത്തില്‍ വിശദമാക്കപ്പെട്ട ചില വൈയക്തികാനുഭവങ്ങള്‍ ശ്രദ്ധയങ്ങളാണ്. അവ നമ്മുടെ മനസാക്ഷിയെ പിടിച്ചുലയ്ക്കുകയും ചില യാഥാര്‍ത്ഥ്യങ്ങളുള്‍ക്കൊള്ളാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഒരു സ്പെഷ്യല്‍ സ്കൂളും അനാഥമന്ദിരവും നടത്തുന്ന ഒരു കന്യാസ്ത്രി തന്റെ സ്ഥാപനത്തില്‍ അഭയം നല്‍കിയ പത്ത് പെണ്‍കുട്ടികളുടെ അനുഭവങ്ങള്‍ വിവരിക്കുകയുണ്ടായി. ലംഗികമായി പീഡിപ്പിക്കപ്പെട്ട ആ കുട്ടികളെ അവരുടെ മാതാപിതാക്കള്‍ക്ക് ആവിശ്യമില്ല. അനാഥ മന്ദിരം നടത്തുന്ന മറ്റൊരാള്‍ ലംഗികമായി ചൂഷണം ചെയ്യപ്പെട്ട ബുദ്ധിവൈകല്യമുള്ള കുറെ സ്ത്രീകളുടെ കഥയാണ് വിവരിച്ചത്. നിര്‍ദ്ദയരായ പുരുഷന്മാരുടെ ലംഗികാതിക്രമങ്ങളെത്തുടര്‍ന്നു ഗര്‍ഭം ധരിക്കാനിടയായ നിസ്സഹായരായ സ്ത്രീകളെ അഗതി മന്ദിരത്തില്‍ എത്തിക്കുകയും പ്രസവശേഷം കുട്ടികളെ അവിടെ ഉപേക്ഷിച്ചു ബന്ധുക്കള്‍ അവരെ കൂട്ടികൊണ്ടു പോവുകയും ചെയ്യുന്നു. കുട്ടികളെ എങ്ങനെ പരിപാലിക്കണമെന്നുപോലും അറിയാത്ത ആ അമ്മമാരേ കുട്ടികളില്‍നിന്നു അടര്‍ത്തിമാറ്റിക്കൊണ്ടുപോകുമ്പോള്‍ അവര്‍ക്കു ഒരു വികാരവും തോന്നുന്നില്ല. ഒരു സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ തന്റെ നഗരത്തില്‍ നടന്ന ഒരു സംഭവം വിവരിക്കുകയുണ്ടായി.

നബിദിന റാലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടി മുതിര്‍ന്ന മറ്റൊരു കുട്ടിയെ തള്ളിതാഴെയിട്ടു. മുതിര്‍ന്ന കുട്ടി വീണെങ്കിലും ആ കുട്ടിക്കു കാര്യമായ പരിക്കൊന്നും പറ്റിയിരുന്നില്ല. സംഭവം കണ്ടുകൊണ്ടു നിന്ന മുതിര്‍ന്ന കുട്ടിയുടെ ബന്ധു ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ അതിക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി മുറിവേറ്റ അവനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ഈ സംഭവത്തില്‍ ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും മര്‍ദകന്റെ സ്വാധിനശക്തിയുടെ പേരില്‍ പോലീസുകാര്‍ കേസെടുക്കാന്‍ തയ്യാറായില്ല. മര്‍ദ്ദനമേറ്റ കുട്ടി ആശുപത്രിയില്‍ കിടക്കുമ്പോഴും മര്‍ദിച്ചവന്‍ നഗരത്തില്‍ സൈരവിഹാരം നടത്തുകയാണ്. അയാളുടെ അമ്മയാകട്ടെ ഇക്കാര്യത്തില്‍ നിസ്സഹായയുമാണ്.

നിയമനിര്‍മ്മാണത്തില്‍ വൈദഗ്ധ്യമുള്ള ഉത്സാഹികളായ ഏതാനും അഭിഭാഷകരെ ഞാന്‍ കാണുകയുണ്ടായി. വൈകല്യമുള്ളവരുടെ പ്രശ്നങ്ങള്‍ അറിയുകയും അവര്‍ അഭിമുഖിക്കരിക്കുന്ന വിഷമതകള്‍ കൃത്യമായി കണ്ടെത്തുകയും ചെയ്യാന്‍ കഴിയുന്ന ഏതാനും സേവന ദാതാക്കളെയും പ്രൊഫഷനലുകളെയും എനിക്ക് കാണാന്‍ കഴിഞ്ഞു. ബാലാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ - ന്റെയും അവരുടെ സഹപ്രവര്‍ത്തകരുടെയും ശ്രമമാണ് നല്ലവരായ ഇവരെ ഒരേ വേദിയില്‍ എത്തിച്ചത്. വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധരും സമര്‍പ്പിത ചേതസ്സുകളുമായവര്‍ ഒത്തു ചേര്‍ന്നാല്‍ സമൂഹത്തില്‍ അവഗണിക്കപ്പെട്ടുപോകുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു ചട്ടക്കൂട് ഉണ്ടാക്കിയെടുക്കാന്‍ നമ്മുക്കു കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്. പ്രതീക്ഷയുടെ ഒരു രജതരേഖ ഞാനിവിടെ കാണുന്നു.

കേന്ദ്ര സാമൂഹികനീതി - ശാക്തീകരണ വകുപ്പ് മന്ത്രിയുടെ സന്ദർശനം

ബ്ലോഗ് രേഖപ്പെടുത്തിയത് : ഡോ. സാമുവല്‍ എന്‍. മാത്യു

നമ്മുടെ ക്യാമ്പസ്സില്‍ ഇന്നലെ ചില അതി വിശിഷ്ട വ്യക്തികളുടെ സന്ദര്‍ശനമുണ്ടായി. കേന്ദ്ര ക്യാബിനറ്റില്‍ സാമൂഹിക നീതി - ശാക്തീകരണ വകുപ്പ് മന്ത്രി ശ്രീ തവര്‍ചങ് ഗെലോട്ട്, അദ്ദേഹത്തിന്റെ മന്ത്രാലയത്തിലെ സെക്രട്ടറി ശ്രീ ലവ് വര്‍മ്മ IAS, ജോയിന്റ് സെക്രട്ടറി ശ്രീ അവനിഷ് കുമാര്‍ അവസ്തി IAS എന്നിവരായിരുന്നു ഈ സന്ദര്‍ശകര്‍.

ദീര്‍ഘകാല സേവന ചരിത്രമുള്ള തഴക്കം ചെന്ന രാഷ്രിയ നേതാവായ ശ്രീ ഗെലോട്ട് കേന്ദ്രത്തില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സാമൂഹിക നീതി നടത്തിപ്പിലും ആലംബഹീനരുടെ ഉന്നമനത്തിലും അതീവ തത്പരനായ അദ്ദേഹത്തിന്റെ നേതൃത്വം സാമൂഹികനീതി മന്ത്രാലയത്തിന് സാമൂഹിക നീതിയും ശാക്തീകരണവും , വൈകല്യമുള്ളവരുടെ ശാക്തീകരണം എന്നും രണ്ടു വകുപ്പുകള്‍ ഉണ്ട്. വൈകല്യങ്ങളുള്ളവരുടെ ശാക്തീകരണത്തിനുള്ള വകുപ്പിന്റെ സെക്രട്ടറി ശ്രീ ലവ് വര്‍മ്മയും ജോയിന്റ് സെക്രട്ടറി ശ്രീ അവസ്‌തിയുമാകുന്നു.

മന്ത്രാലയത്തിന്റെ താത്പര്യപ്രകാരമായിരുന്നു ഈ സന്ദര്‍ശനം. നിഷ് സന്ദര്‍ശിക്കാനും ഇവിടത്തെ വിദ്യാര്‍ത്ഥികളെയും സ്റ്റാഫിനെയും കാണാനും അദ്ദേഹം സമയം കണ്ടെത്തിയതില്‍ ഞങ്ങള്‍ക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. തിരുവനന്തപുരത്തു അദ്ദേഹത്തിന് ഈ പരിപാടി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നതിനാല്‍ ഈ പരിപാടി അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനത്തിലെ മുഖ്യയിനമായിരുന്നു. മന്ത്രി നിഷിലെ ഓരോ വകുപ്പും നടന്നു കാണുകയും കുട്ടികളുമൊത്തു സമയം ചിലവൊഴിക്കുകയും സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. നിഷ് ന്റെ പുതിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി നിഷ് കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ശ്രീ എ. ഷാജഹാന്‍ IAS പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. തികച്ചും അനൗപചാരികമായിരുന്നു ഈ ചടങ്ങു. ഈ മീറ്റിങ്ങിനുവേണ്ടി പുതിയ ഓഡിറ്റോറിയം ഞങ്ങള്‍ സജ്ജമാക്കുകയായിരുന്നു. പുതിയ ബ്ലോക്കിലെ ആദ്യ പരിപാടിയായിരുന്നു ഇത്.

രണ്ടു കൊച്ചുകുട്ടികള്‍ - ഒരാള്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാമില്‍ നിന്നും മറ്റൊരാള്‍ ഓട്ടിസം ഇന്റര്‍വെന്‍ഷനില്‍ നിന്നും - വിശിഷ്ടാതിഥികള്‍ക്കു മുന്‍പില്‍ പരിപാടികള്‍ അവതരിപ്പിച്ചു. അവരെ സംബന്ധിച്ചിടത്തോളം സദസ്സിനു മുന്നില്‍ കളിക്കുകയെന്നത് ഒരു വെല്ലുവിളിയായിരുന്നു. ഓട്ടിസം ഇന്റര്‍വെന്‍ഷനിലെ കുട്ടി നിശ്ചലയായി നില്‍ക്കുന്നതുകണ്ട് ഏതാനും മിനിറ്റു ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചു ഇരുന്നു പോയി. തന്നെത്തന്നെ നോക്കിയിരിക്കുന്ന വലിയൊരാള്‍ക്കൂട്ടത്തിനുമുന്നില്‍ എന്തെങ്കിലും പ്രകടിപ്പിക്കാന്‍ മടിച്ചു നില്‍ക്കുന്ന കുട്ടിയെ തിരിച്ചു വിളിച്ചാലോ എന്ന് ഞാന്‍ വിചാരിച്ചു. പക്ഷെ, വളരെ പെട്ടന്ന്തന്നെ അവള്‍ മനസ്സാന്നിധ്യം വീണ്ടെടുക്കുകയും ഒരു മലയാള പദ്യം ചൊല്ലുകയും ചെയ്തു. പെട്ടന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അദ്ദേഹം ഉടന്‍തന്നെ രണ്ടു പൂച്ചെണ്ടുകള്‍ ആ കുട്ടികള്‍ക്ക് സമ്മാനിച്ചു!

ഞങ്ങളുടെ വിദ്യാർത്ഥിയായ ബോബിൻ രചിച്ച ഛായാചിത്രമായിരുന്നു മറ്റൊരു ആകർഷണം. ബോബിൻ അത് മന്ത്രിക്കു സമ്മാനിച്ചു. ബാല എന്ന് പേരായ വിദ്യാർഥി രചിച്ച മനോഹരമായ മറ്റൊരു പെയിന്റിംഗ് കൂടി മന്ത്രിക്കു സമ്മാനിച്ചു. മീറ്റിങ് നടന്നു കൊണ്ടിരിക്കെ ഫൈൻ ആർട്സ് വിഭാഗത്തിലെ ഫാക്കൾട്ടിയായ അരുൺ ഗോപാൽ മൂന്നു വിശിഷ്ടാതിഥികളുടെയും കാരിക്കേച്ചർ വരയ്ക്കുകയും യോഗാവസാനം അവ അവർക്കു സമ്മാനിക്കുകയും ചെയ്തു. ഇത് അതിഥികൾക്ക് അപ്രതീക്ഷിതമായ ഒരനുഭവമായിരുന്നു. ലൈവായി വരച്ച ആ കാരിക്കേച്ചറുകൾ കണ്ട അവർക്കു സന്തോഷമടക്കാനായില്ല.

ചടങ്ങു കഴിഞ്ഞയുടനെ മന്ത്രിയും പരിവാരങ്ങളും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അദ്ദേഹത്തിന്റെ ഔദോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു പോയി. മറ്റു സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ പ്രമുഖരും ആ മീറ്റിങ്ങിനെത്തിയിരുന്നു. മുഖ്യമന്ത്രി അത്യധികം സന്തോഷത്തോടെ അതിഥികളുമായി തുറന്ന ചർച്ച നടത്തി. പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്ന ജനവിഭാഗത്തിന് വേണ്ടി കേന്ദ്രം മുന്നോട്ടു വെക്കുന്ന ഏതു പദ്ധതിക്കും ഏതു വിധത്തിലുമുള്ള സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. യോഗാനന്തരം എല്ലാവരെയും മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനു ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ തിരക്കേറിയ പരിപാടികൾക്കിടയിൽ ഇങ്ങനെയൊരു ആതിഥ്യ മര്യാദ അദ്ദേഹം പ്രദർശിപ്പിച്ചത് പതിവിനു വിപരീതമായിരുന്നുവെന്നു തോന്നി. കേന്ദ്ര സംഘവുമായി രണ്ടു മണിക്കൂറാണ് മുഖ്യമന്ത്രി ചിലവഴിച്ചത്. രണ്ടു വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാരായിരുന്നിട്ടും ഈ രണ്ടു നേതാക്കളും തമ്മിൽ അഭിലഷണീയമായ പരസ്പര സൗഹൃദവും വിശ്വാസവുമാണ് കാണാൻ കഴിഞ്ഞത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ എന്ത് തന്നെയായിരുന്നാലും ജനക്ഷേമത്തിനായി ഒത്തു ചേർന്ന് പ്രവർത്തിക്കുക എന്നതാണ് രണ്ടുപേരുടെയും നിലപാട്

വിശദമായ പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഷ് - നു അനുവദിക്കുന്ന ധനസഹായം മന്ത്രി പ്രഖ്യാപിച്ചു. മതിപ്പുളവാക്കുന്ന തുകയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അടിയന്തിരാവശ്യങ്ങളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രികരിച്ചു തുടങ്ങുകയാണ്. മറ്റുള്ളവർക്ക് മാതൃകയാകാവുന്ന അന്യുനമായ സൗകര്യങ്ങളടങ്ങുന്ന ഒരു ക്യാമ്പസ് സൃഷ്ടിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വ്യത്യസ്തതകൾ ഉൾകൊള്ളുന്ന ഒരു സംസ്കാരം. ഉത്തമ സംസ്കാരം തലമുറകളെ പരിവർത്തിപ്പിക്കുന്നു. അതുതന്നെയാണ് ഞങ്ങൾ അർഥമാക്കുന്നതും. നമ്മളെല്ലാം മണ്മറഞ്ഞാലും തലമുറകളിലൂടെ കൈ മാറിപ്പോകുന്ന ഒരു വ്യവസ്ഥാപിത സംസ്കാരം!

അക്ഷരമാലയിൽ തുടങ്ങി....
ഡോ. സാമുവല്‍ എന്‍. മാത്യുവിന്റെ ബ്ലോഗ് , 2015 ഒക്ടോബര്‍ 5, തിങ്കള്‍

അടുത്തയിടെ 19 വിദ്യാര്‍ത്ഥികള്‍ക്ക് നമ്മള്‍ ഹയര്‍ എജുക്കേഷന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാമില്‍ ( HEEP ) പ്രവേശനം നല്‍കുകയുണ്ടായി. ഡിഗ്രി ( ഹിയറിങ് ഇമ്പയ്ഡ് ) പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഏറ്റവും താഴെ സ്ഥാനം പിടിച്ചവരാണ് ഈ ഗ്രൂപ്പ് . അക്കാദമിക് കാര്യങ്ങളില്‍ ഇവരുടെ നില വളരെ ദയനീയമാണെന്നു ഞങ്ങള്‍ക്കറിയാമെന്നും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. ഇവരെല്ലാം പ്ലസ് ടു യോഗ്യത നേടിയവരാണെങ്കിലും അത് അവരുടെ അറിവിന്റെ തലം പ്രദര്‍ശിപ്പിക്കുന്നില്ല. ഈ കുട്ടികളുടെ കഴിവുകള്‍ക്ക് യോജിച്ച വിധത്തിലുള്ള അടിസ്ഥാനമുണ്ടാക്കി കൊടുക്കുകയും അടുത്ത വര്‍ഷത്തെ പ്രവേശന പരീക്ഷയെഴുതാന്‍ അവരെ സജ്ജരാക്കുകയും ചെയ്യുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ഗ്രൂപ്പില്‍പെട്ടവരില്‍ ഉള്‍കാഴ്ചയുള്ളതായി എനിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് റാങ്ക് ലിസ്റ്റില്‍ ഏറ്റവും താഴെയുള്ളവരില്‍ ഒരാളെ പ്രോത്സാഹിപ്പിക്കണമെന്നു വിചാരിച്ചതു. അങ്ങനെ ഞാന്‍ ഒരാളെ തിരഞ്ഞെടുത്തു. ആ വിദ്യാര്‍ത്ഥിയുടെ സ്വത്വം വെളിപ്പെടാതിരിക്കുന്നതിനായി നമ്മുക്കു അവനെ രമേശ് എന്ന് വിളിക്കാം.

എന്റെ വിദ്യാര്‍ത്ഥിയാണ് രമേശ്. HEEP പ്രവേശനത്തിനുള്ള ഇന്റര്‍വ്യൂവില്‍ വെച്ചാണ് അയാളെ ഞാന്‍ ആദ്യമായി കാണുന്നത്. അവന്റെ അമ്മക്ക് വിദ്യാഭ്യാസമില്ല. അച്ഛനാകട്ടെ കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കുകയുമില്ല. ആ വിദ്യാര്‍ത്ഥി ഇന്റര്‍വ്യൂവിനു വന്നപ്പോള്‍ തന്നെ അവനില്‍ എന്തോ തകരാറു ഉള്ളതായി ഫാക്കള്‍ട്ടി പറഞ്ഞിരുന്നു. നിര്‍ദ്ദേശങ്ങള്‍ ഒന്നും പാലിക്കാതിരിക്കുകയും അച്ഛനമ്മമാരില്‍ നിന്നും അകന്നുനില്‍ക്കുകയും ചെയ്തതില്‍ നിന്നാണ് ഫാക്കള്‍ട്ടിക്കു വിദ്യാര്‍ത്ഥിയുടെ അസ്വാഭാവിക പെരുമാറ്റത്തെക്കുറിച്ചു സംശയം ജനിച്ചത്. പിന്നീട് പ്രവേശനം ലഭിച്ചു ക്ലാസ്സിലെത്തിയപ്പോള്‍ അവനൊരു ഏകാകിയാണന്നും ക്ലാസ്സില്‍ പറയുന്നതൊന്നും മനസിലാക്കുന്നില്ലെന്നും റിപ്പോര്‍ട്ട് കിട്ടി.

ഇതൊരപൂര്‍വ്വ സംഗതിയാണെന്നും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നതാണെന്നും എനിക്ക് തോന്നി.

രമേശിന്റെ കുടുംബപശ്ചാത്തലം എന്താണെന്നു മനസിലാക്കുക എന്ന ഉദ്ദേശത്തോടെ ഞാനും എന്റെ ഭാര്യയും കൂടി കഴിഞ്ഞാഴ്ച ഒരു വൈകുന്നേരം അയാളുടെ വീട് സന്ദര്‍ശിച്ചു. ഇത് എന്നെ ജിജ്ഞാസുവാക്കി. എന്റെ വീട്ടില്‍ നിന്നും അധികം ദൂരയല്ലാത്ത ഒരു ഗ്രാമ പ്രദേശത്താണ് അയാളുടെ വീട്. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവന്റെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. രമേശിന്റെ സഹോദരി പ്ലസ് ടു വരെ പഠിച്ചവളാണ്. അവളാണ് രമേശുമായി ആശയവിനിമയം നടത്തുന്നത്. മാതാപിതാക്കള്‍ക്ക് അതിനു കഴിവില്ല. ആ കുടുംബത്തെക്കുറിച്ചു വിശദമായി മനസിലാക്കാന്‍ പതിനഞ്ചു മിനിട്ടോളം ഞങ്ങള്‍ അവിടെ ചിലവഴിച്ചു. വീട്ടുജോലിക്ക് പോയാണ് അവന്റെ 'അമ്മ കുടുംബം പുലര്‍ത്തുന്നത്. അച്ഛന്‍ വീട്ടില്‍ വരാറേയില്ല.

മുന്‍പൊരു ദിവസം രമേശിനെ ഞാന്‍ എന്റെ വീട്ടിലേക്കു കൂട്ടികൊണ്ടുപോയിരുന്നു. അതിനാല്‍ അവനു ഞാന്‍ താമസിക്കുന്ന സ്ഥലം പരിചയമുണ്ട്. അടുത്ത ഞായറാഴ്ച രാവിലെ 10 30 നു എന്റെ വീട്ടിലെത്താന്‍ ഞാന്‍ അവനോടു നിര്‍ദ്ദേശിച്ചു.

10 10 ആയപ്പോള്‍ സ്വന്തം സൈക്കിളില്‍ അവനെത്തി. ഇംഗ്ലീഷ് അക്ഷരമാല എഴുതാനാവിശ്യപ്പെട്ടുകൊണ്ട് ഞാന്‍ തുടങ്ങി. പക്ഷെ അവനു അവ ക്രമത്തിലെഴുതാന്‍ അറിഞ്ഞുകൂടായിരുന്നു. A , B എന്നിങ്ങനെ എഴുതി തുടങ്ങിയെങ്കിലും മുന്നോട്ടു പോകാന്‍ അവനു കഴിഞ്ഞില്ല. പിന്നീട് P , S എന്നിങ്ങനെ ഇടയ്ക്കു ഓര്‍മ്മവന്ന അക്ഷരങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. രമേശിന് ഇംഗ്ലീഷോ മലയാളമോ ആംഗ്യഭാഷയോ വശമില്ലന്നു എനിക്ക് തീര്‍ച്ചയായി. തുടര്‍ന്ന് ഓരോ ഇംഗ്ലീഷ് അക്ഷരത്തിന്റെയും ആംഗ്യം ഞാന്‍ അവനു പഠിപ്പിച്ചു കൊടുത്തു. ആംഗ്യത്തിനനുസരിച്ചുള്ള അക്ഷരങ്ങള്‍ എഴുതാന്‍ അവന്‍ ശീലിച്ചു തുടങ്ങി. അവ ക്രമത്തിലെഴുതാന്‍ ഞാനവനെ പ്രേരിപ്പിച്ചു. എങ്കിലും F , G , M , N , R , S , W എന്നി അക്ഷരങ്ങള്‍ ശരിക്കെഴുതാന്‍ അവനു കഴിഞ്ഞില്ല. ശ്രമം ഞങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ബുദ്ധിമുട്ടുള്ള അക്ഷരങ്ങളിലും അവയുടെ ആംഗ്യത്തിലും ഞാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി. വ്യത്യസ്ത രീതികളില്‍ പലവട്ടം ശ്രമിച്ചിട്ടും അവനില്‍ വലിയ പുതുരോഗതിയൊന്നും കാണാന്‍ കഴിഞ്ഞില്ല. ഇത് അവനെ മടുപ്പിക്കുന്നതായി എനിക്ക് തോന്നി. ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം അവനു ഞാനൊരു ഇടവേള നല്‍കി. എന്റെ വീടിനു സമീപം താമസിക്കുന്ന അവന്റെ ഒരു ബന്ധുവിന്റെ വീട്ടില്‍പോയി വരാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു.

ഒരു മണിക്കൂറിനകം അവന്‍ മടങ്ങിയെത്തി. ഞാന്‍ മുന്‍പ് പറഞ്ഞതൊക്കെ അവന്‍ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ടോ എന്നെനിക് തീര്‍ച്ചയില്ലായിരുന്നു. അവന്‍ അതെല്ലാം മറന്നിട്ടുണ്ടെന്നു എനിക്ക് ഊഹിക്കാമായിരുന്നു. അതിനാല്‍ എല്ലാം ആദ്യം മുതല്‍ തന്നെ തുടങ്ങാന്‍ തീര്‍ച്ചയാക്കി. ഇത് യുക്തി പൂര്‍വ്വമായിരുന്നു. കാരണം കഴിഞ്ഞ സെക്ഷനില്‍ അവനു അക്ഷരങ്ങളൊന്നും ഓര്‍മ്മവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏതാനും അക്ഷരങ്ങള്‍ എഴുതാന്‍ ശ്രമിച്ചപ്പോഴേക്കും ആദ്യം പഠിച്ച അക്ഷരങ്ങളൊക്കെ അവന്‍ മറന്നുതുടങ്ങിയിരുന്നു.

എന്നെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു പിന്നത്തെ സംഭവം. മടങ്ങിയെത്തിയ അവനെ ഞാന്‍ അക്ഷരങ്ങളുടെ ആംഗ്യങ്ങള്‍ കാണിക്കുകയും അവനോടു അവ എഴുതാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു തെറ്റും കൂടാതെ അവനതു എഴുതികാണിച്ചു. അവനിപ്പോള്‍ ആത്മവിശ്വാസമുണ്ട്. എനിക്ക് വിശ്വസിക്കാനായില്ല. എനിക്ക് ഒരു വിശധികാരണവും നല്കാനില്ലായിരുന്നു. അവന്‍ എല്ലാം മറന്നിരിക്കുമെന്നു ഞാന്‍ കരുതി. പക്ഷെ, അവനിതാ അവ തെറ്റില്ലാതെ ആവര്‍ത്തിക്കുന്നു. ഒരു പത്തുതവണയെങ്കിലും ഞങ്ങള്‍ ഈ അഭ്യാസം ആവര്‍ത്തിച്ചിട്ടുണ്ടാകും. വിസ്മയാവമാംവണ്ണം കൃത്യമായിരുന്നു അവന്റെ എഴുത്തു. ഇടയ്‌ക്കിടക്കുള്ള അക്ഷരങ്ങളും മുന്നിലും പിന്നിലുമുള്ള അക്ഷരങ്ങളും മാറി മാറി പരീക്ഷിച്ചു നോക്കി. എപ്പോഴും അവന്‍ ശരിയായി തന്നെ എഴുതിക്കൊണ്ടിരുന്നു. സമൂലമായ മാറ്റം. എന്താണ് സംഭവിച്ചതെന്ന് എനിക്കറിഞ്ഞുകൂടാ. ഇരുപ്പത്താറു അക്ഷരങ്ങളും ക്രമത്തിന് അനായാസമെഴുതാന്‍ അവനു കഴിഞ്ഞു.

അവനു എത്രമാത്രം ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ കണക്കാക്കിയോ, അതിലധികം അവനെക്കൊണ്ട് സാദ്ധ്യമായി.ഇതിന്റെ പൊരുളെന്തെന്നു എനിക്കറിഞ്ഞുകൂടാ. ഇനി ഇംഗ്ലീഷിലെ ചെറിയ അക്ഷരങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ്. തുടര്‍ന്ന് വാക്കുകളും. എല്ലാം ഓര്‍മ്മ വൈക്കുന്നുണ്ടെന്നു ഉറപ്പാക്കാനായി ഇടയ്ക്കിടെ ആദ്യം തൊട്ടു പരീക്ഷിച്ചു തുടങ്ങി. എനിക്കറിയില്ല അവന്‍ എത്രമാത്രം മുന്നേറിക്കഴിഞ്ഞിട്ടുണ്ടാകുമെന്നു. എങ്കിലും ഞാന്‍ ജിജ്ഞാസുവാണ്.

അവനു കഴിവുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. പക്ഷേ, എന്തെങ്കിലും നിഗമനത്തിലെത്തുന്നതിനു മുന്‍പ് ഞാന്‍ അവനെ നിരീക്ഷിച്ചുകൊണ്ടിരിക്കട്ടെ...

അടിസ്ഥാനപരമായ അക്ഷരമാല പോലും പഠിപ്പിക്കാതെ ഒരു യുവാവിന്റെ ജീവിതത്തിലെ പന്ത്രണ്ടു വര്‍ഷങ്ങള്‍ പാഴാക്കിക്കളഞ്ഞ വിദ്യാഭ്യാസ രീതിയോട് എനിക്ക് പുച്ഛമാണ്. എന്നിട്ടും അവനു പന്ത്രണ്ടാം ക്ലാസ് വിജയിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നു.

ശുഭോദര്‍ക്കമായ കാര്യം ഞങ്ങളുടെ ക്ലാസ് മുറികളില്‍ പതിനെട്ടു പേര്‍ക്കുടിയുണ്ടന്നതാണ്. വിജ്ഞാനത്തിന്റെ ലോകത്തേക്ക് അവരുടെ മനസുകള്‍ തുറന്നു വയ്പ്പിക്കാന്‍ കഠിനമായി യത്നിക്കുകയാണ് എന്റെ സഹപ്രവര്‍ത്തകര്‍!

അദ്ധ്യാപകദിനത്തെക്കുറിച്ചു !

ഡോ സാമുവൽ എൻ മാത്യുവിന്റെ ബ്ലോഗ്, 2015 സെപ്തംബർ 5 ശനി

താഴെക്കൊടുത്തിരിക്കുന്ന വാക്യങ്ങൾ നിഷ് - ലെ എന്റെ സഹപ്രവർത്തകർക്ക് ഇന്ന് ഞാനെഴുതിയതാണു. 

"അദ്ധ്യാപനമിഷ്ടപ്പെടുന്ന ടീച്ചർമാർ അദ്ധ്യയനം ഇഷ്ടപ്പെടാൻ കുട്ടികളെ പഠിപ്പിക്കുന്നു"

"ഒരു നല്ല അദ്ധ്യാപകൻ മെഴുകുതിരി പോലെയാണ്. മറ്റുള്ളവർക്ക് വെളിച്ചമേകാൻ അത് സ്വയം എരിഞ്ഞു തീരുന്നു"

"ഇന്ന് നിങ്ങൾ വിദ്യാലയത്തെ നയിക്കുന്നു. നാളെ നിങ്ങളുടെ വിദ്യാർത്ഥികൾ ലോകത്തെ നയിക്കും"

ഈ അദ്ധ്യാപകദിനത്തിൽ നിങ്ങൾക്കെന്റെ അഭിവാദ്യങ്ങൾ". 

മുൻപ് പലപ്പോഴും ഞാൻ പറഞ്ഞിട്ടുള്ളതുപോലെ അദ്ധ്യാപനം ഏറ്റവും കുലീനമായ തൊഴിലാണ്. കാരണം മനുഷ്യൻ ആർജിച്ച വിജ്ഞാനം നിങ്ങൾ കുട്ടികളിലേക്ക് പകരുന്നു. അത് വഴി മനുഷ്യരാശിക്ക് നാളെ നേട്ടങ്ങൾ കൈവരിക്കാനാകും. തന്റെ തലമുറയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നല്ല മാതൃകയായിത്തിരുന്ന വിധത്തിൽ ഒരു വിദ്യാർത്ഥിയെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യാനാകുന്ന അതുല്യ വ്യക്തിയാണ് താങ്കൾ!

അതുകൊണ്ട്,

ഒരദ്ധ്യാപകനായതിൽ അഭിമാനിക്കുക. 

രദ്ധ്യാപകനാകാൻ കഴിഞ്ഞതിൽ നന്ദിയുള്ളവനായിരിക്കുക! 

വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാൻ കടപ്പെട്ട അദ്ധ്യാപകനായിരിക്കുക!

ഭാഷ, ഓഡിയോളജി, സ്പീച്ച്, കമ്പ്യൂട്ടർ സയൻസ്, അക്കൗണ്ടിങ്, ഫൈൻ ആർട്സ് എന്നുവേണ്ട ഏതു വിഷയവും ആർക്കും പഠിപ്പിക്കാവുന്നതാണ്. എന്നാൽ അദ്ധ്യാപനത്തെ സ്നേഹിക്കുന്നവർക്കും വിശാലമായ കാഴ്ചപ്പാടുള്ളവർക്കും മാത്രമേ കുട്ടികളെ പ്രചോദിപ്പിക്കാൻ കഴിയൂ. ഒരു മണിക്കൂർ നേരം ലക്ച്ചർ നടത്തിയെന്ന് കരുതി അത് അദ്ധ്യാപനമാകുന്നില്ല. കുട്ടികൾക്ക് പുതിയതായി എന്തെങ്കിലും മനസ്സിലാകുകയും കൂടുതൽ കാര്യങ്ങൾ കണ്ടെത്താനായി അവർ സ്വയം മുന്നോട്ടു പോവുകയും ചെയ്യുമ്പോളാണ് അദ്ധ്യാപനം സാർത്ഥകമാകുന്നത്!

ഒരദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം ഓരോ നിമിഷവും പഠിപ്പിക്കുന്ന സമയമാണ്. അല്പമായിട്ടാണെങ്കിൽ പോലും ഇന്ന് ഞാനെന്റെ കുട്ടികൾക്ക് പ്രചോദനം നൽകും എന്ന് ഓരോ ദിവസവും നിങ്ങൾ സ്വയം പറയുക. പുതിയ ആശയങ്ങളൊന്നും നിങ്ങൾക്ക് തോന്നുന്നില്ലെങ്കിൽ വിഷമിക്കേണ്ട. അത് താനെ വന്നുകൊള്ളും. നിങ്ങളുടെ മനസ്സിൽ ബൾബ് കത്തിയാലുടൻ തയ്യാറായിരിക്കുക. നിങ്ങൾ പഠിപ്പിക്കുന്ന വിഷയത്തിന്റെ പ്രസക്തി പ്രചോദനാത്മകമായ ഏതെങ്കിലുമൊരു ചിന്തയിലേക്ക് കൊണ്ടുവരുക. അത് അവരുടെ ചിന്തകളെ തീ പിടിപ്പിക്കും. പ്രചോദിപ്പിക്കുക എന്നത് നിങ്ങളുടെ ദൈനംദിന ജീവിതചര്യയായി തീരട്ടെ!

പ്രതിജ്ഞാബദ്ധരും, അദ്ധ്യാപനവും പഠനവും ഒരുപടി മുകളിലേക്ക് കൊണ്ടുപോകാൻ അധ്വാനിക്കുന്നവരുമായ എല്ലാവരോടും ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും! 

സാങ്കേതികവിദ്യ ഉപയോഗിക്കുക. പരീക്ഷിക്കുക. പുതിയതായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക. മറ്റുള്ളവരോടൊത്തു പ്രജ്ഞയെ ഉത്തേജിപ്പിക്കുക. 

ഭയപ്പെടരുത്; നാണിച്ചു നിൽക്കരുത്. ലോകം നിങ്ങൾക്ക് വേണ്ടി കാത്തു നിൽക്കുകയാണ്. നിങ്ങൾക്കു ചെയ്യാൻ കഴിയും, എനിക്കുറപ്പാണ്!

നമ്മുടെ ബിരുദ വിദ്യാർത്ഥികൾ ലോകത്തെ പിടിച്ചുലക്കുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യും!

നല്ലൊരു വാരാന്ത്യത്തിനു എന്റെ ആശംസകൾ! നല്ലൊരു അദ്ധ്യാപകദിനം ആശംസിക്കുന്നു!

സ്വാതന്ത്രദിന ചിന്തകൾ!

ഡോ. സാമുവല്‍ എന്‍. മാത്യുവിന്റെ ബ്ലോഗ് - സ്വാതന്ത്രദിന ചിന്തകള്‍. 2015 ഓഗസ്റ്റ് 20 നു അപ്‌ലോഡ് ചെയ്തത്.

മറ്റനേകം രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യ ഒരു യുവ ജനാധിപത്യ രാജ്യമാണ്. പിന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ദീര്‍ഘകാലത്തെ വിദേശാധിപത്യത്തിലും കോളനിവാഴ്ചയിലും കഴിഞ്ഞ ഇന്ത്യയുടെ ചരിത്രത്തില്‍ 1947 ഒരു വഴിത്തിരിവാണ്. ഭാരതത്തിന്റെ വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമുള്ള ജനത ഒത്തൊരുമിച്ചു നമ്മുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ തുടങ്ങിയിട്ട് 68 വര്‍ഷമായിരിക്കുന്നു. ഈ പ്രയാണത്തില്‍ നമ്മുക്കു അഭിമാനിക്കത്തക്കതായി ഒട്ടേറെ സംഗതികളുണ്ട്. അക്രമരഹിത പ്രസ്ഥാനത്തിലൂടെ വിദേശാധിപത്യത്തില്‍ നിന്ന് മോചിതയാകുന്നു ഒരേയൊരു രാജ്യമാണ് ഇന്ത്യ. സഹനസമരത്തിലൂടെയും ജനകിയ പ്രക്ഷോഭത്തിലൂടെയുമാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ ഇന്ത്യ വിജയം നേടിയത്. കോളനിവാഴ്ചയില്‍ നിന്ന് പുറത്തുവരുകയും വെട്ടിത്തിളങ്ങുന്ന ജനാധിപത്യം നിലനിര്‍ത്തുകയും ചെയ്യുന്ന അപൂര്‍വ്വം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മുടെ വൈവിദ്ധ്യവും ഉയര്‍ന്ന ജനസംഖ്യയും പരിഗണിക്കുമ്പോള്‍ ഇതൊരു വമ്പിച്ച നേട്ടമാണ്. കോളനിവാഴ്ചയില്‍ നിന്ന് മോചിതരായ നമ്മുടെ പല അയല്‍രാജ്യങ്ങളും ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളും ഏകാധിപത്യത്തിലോ പട്ടാള ഭരണത്തിലോ അകപ്പെടുകയാണുണ്ടായത്. എന്നാല്‍ ഇക്കാലമത്രയും ഇന്ത്യ തലയുയര്‍ത്തിപ്പിടിച്ചു ശക്തമായി നിലകൊണ്ടു. നമ്മുടെ നാനാത്വം വിസ്മനിയമാണ്. തെക്കുമുതല്‍ വടക്കുവരെയും പടിഞ്ഞാറുനിന്നു കിഴക്കുവരെയുമുള്ള നമ്മുടെ സാംസ്കാരിക വൈവിധ്യങ്ങള്‍, ഭക്ഷണശീലം, വസ്ത്രധാരണ രീതി, പാരമ്പര്യം, ശരീരഘടന എല്ലാം തന്നെ വ്യത്യസ്തമാണ്. ഈ വൈവിദ്ധ്യങ്ങള്‍ക്കിടയിലും നമ്മള്‍ ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യ രാഷ്ട്രമായി നിലകൊള്ളുന്നു!

ഇങ്ങനെയൊക്കെയാണെങ്കിലും നമുക്കിനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ എന്റെ ചിന്തകള്‍ നമ്മുടെ വിദ്യാഭ്യാസ രീതിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. വിദൂര ഭൂതകാലത്തു അനിതരസാധാരണമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമുണ്ടായിരുന്നു - ഗുരുകുല വിദ്യാഭ്യാസം. ഈ സമ്പ്രദായത്തില്‍ ശിഷ്യന്മാര്‍ ഗുരുവിനോടൊപ്പം പാര്‍ക്കുകയും ഗുരു വിജ്ഞാനവും നൈപുണ്യവും ശിഷ്യന്മാര്‍ക്കു പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം അടിസ്ഥാനാവകാശമായിരിക്കുകയും എല്ലാവരും തൊഴില്‍ പരിചയം നേടിയിരിക്കേണ്ടതുമായ ഈ കാലത്തു ഈ സമ്പ്രദായം പ്രായോഗികമല്ല. ആജ്ഞാനുവര്‍ത്തികളും കോളനിഭരണം നിര്‍ബാധം മുന്നോട്ടു കൊണ്ടുപോകാന്‍ കാര്യക്ഷമമായി പ്രയത്നിക്കുന്നവരുമായ ഒരു ജനവിഭാഗത്തെ വാര്‍ത്തെടുക്കുകയെന്ന ഉദ്ദേശത്തോടെ ആവിഷ്കരിച്ചതാണ് ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായം. വിമര്‍ശനാത്മക ചിന്തകളെയോ സാമൂഹികമായ ഉത്തരവാദിത്വങ്ങളെയോ പ്രോത്സാഹിപ്പിക്കുന്നതായിരുന്നില്ല അവരുടെ വിദ്യാഭ്യാസ രീതി. അതുകൊണ്ടാണ് നമ്മുടെ അനന്തര തലമുറകളെ സാമൂഹികമായ ഉത്തരവാദിത്വങ്ങളുള്ള ജനതയായി വളര്‍ത്തികൊണ്ടുവരുന്നതിനു സഹായകമായ വിധത്തില്‍ നമ്മുടെ വിദ്യാഭഭ്യാസ സമ്പ്രദായം ഉടച്ചുവാര്‍ക്കണമെന്നു പറയുന്നത്.

വരും തലമുറകളെ പൂര്‍ണ്ണമായും സൃഷ്ട്യുന്മുഖരാക്കിത്തീര്‍ക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം നിലവില്‍ വരണമെന്നതാണ് എന്റെ നിലപാട്. നമ്മള്‍ ഒറ്റപ്പെട്ടു കഴിയുന്നവരല്ല. സാഹചര്യമാണ് പ്രധാനം.നമ്മള്‍ കെട്ടിയിടപ്പെട്ടവരല്ല. അതിനാല്‍ വിമര്‍ശനാത്മക ചിന്തയും മാറ്റങ്ങളുള്‍ക്കൊള്ളാനുള്ള സന്നദ്ധതയും പ്രധാനമാണ്. നമ്മള്‍ ഈ ഭൂമുഖത്തെ സ്ഥിരം വാസക്കാരല്ല. അതിനാല്‍ നമ്മള്‍ നേടിയതൊക്കെ വരുന്നതലമുറയ്ക്കു കൈമാറേണ്ടതുണ്ട്.

ചുരുക്കി പറഞ്ഞാല്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച എന്റെ വീക്ഷണം ഇതാണ്: ഒരു കുട്ടി ഈ ലോകത്തു പിറന്നുവീഴുന്ന സമയംതൊട്ടു അത് പഠിച്ചു തുടങ്ങുകയാണ്. ഒരു കുട്ടി അതിന്റെ മാതാപിതാക്കളില്‍ നിന്നു നേടുന്ന സ്നേഹവാത്സല്യങ്ങള്‍ക്കും പരിചരണത്തിനും മേല്‍ നമുക്കൊരു നിയന്ത്രണവുമില്ല. എന്നാല്‍ ഔപചാരിക വിദ്യാഭ്യാസത്തിനു തുടക്കം കുറിക്കാറാകുമ്പോള്‍ ആദ്യം ചെയ്യണ്ടത് ചുറ്റുമുള്ള പ്രകൃതിയെ കണ്ടു വിസ്മയം കൊള്ളാനും ജിജ്ഞാസുവാകാനും പഠിപ്പിച്ചു കൊടുക്കുകയെന്നതാണ്. മൂന്നു വയസ്സാകുമ്പോഴേക്കും ഇക്കാര്യം പറഞ്ഞുകൊടുക്കാം. ഒരാള്‍ ജീവിതത്തിലുടനീളം " എന്തുകൊണ്ട് ?" എന്ന ചോദ്യം ചോദിക്കാന്‍ ശീലിക്കേണ്ടതാണ്. ചെടികളെയും മരങ്ങളെയും നോക്കാനും മൃഗങ്ങളെ തൊട്ടുനോക്കാനും ആകാശം നിരീക്ഷിക്കാനും അവരെ പരിശീലിപ്പിച്ചാല്‍ ചോദ്യം ചോദിക്കുന്ന അവര്‍ സ്വയം പഠിച്ചുകൊള്ളും. പ്രൈമറി തലത്തിലും ഇത് തുടരേണ്ടതാണ്. മുല്യങ്ങളെക്കുറിച്ചു പഠിക്കുന്നതാണ് അടുത്ത ഘട്ടം - മുതിര്‍ന്നവരെ ബഹുമാനിക്കുക, സഹജീവികളെ തനിക്കു തുല്യരായി കാണുക, മറ്റുള്ളവരുമായി അനുഭവങ്ങള്‍ പങ്കിടുക, നന്നായി പെരുമാറുക, ചെയ്യുന്ന പ്രവര്‍ത്തിയില്‍ ആത്മാര്‍ത്ഥമായി മുഴുകുക, അവനവനില്‍ മതിപ്പുണ്ടായിരിക്കുക, മറ്റുള്ളവരെ നിരുപാധികമായി സ്നേഹിക്കുക, കരുണയുള്ളവനായിരിക്കുക, ഇതര സംസ്കാരങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സംവേദനക്ഷമതയുണ്ടായിരിക്കുക, അവനവനോട് തന്നെയും സമൂഹത്തോടും ഉത്തരവാദിത്വമുള്ളവനായിരിക്കുക. ഈ രണ്ടാം ഘട്ടം നാലു വയസ്സാകുമ്പോഴേക്കും തുടങ്ങണം. അടുത്ത ഘട്ടത്തില്‍, അതായതു അഞ്ചാം വയസ്സില്‍, എഴുതാനും വായിക്കാനും കണക്കു കൂട്ടാനും പഠിപ്പിച്ചു തുടങ്ങണം. ഈ രീതി പിന്തുടരുകയാണെങ്കില്‍ നമ്മുക്കു അഭിമാനിക്കത്തക്കതായ ഒരു തലമുറയെ ലഭിക്കുമെന്നും മനുഷ്യരാശിക്ക് സന്തുലിതമായ പുരോഗതി കൈവരിക്കാന്‍ സഹായിക്കുമെന്നും എനിക്കുറപ്പുണ്ട്. ഇത്തരത്തിലൊരു വിദ്യാഭാസ പരിപാടി നിലയില്‍ വരുന്നതിനെയാണ് ഞാന്‍ ഉറ്റു നോക്കുന്നത്!

എനിക്കുത്തരം പറയാനാവാത്ത വിഷമം പിടിച്ച ചോദ്യങ്ങൾ!

ഡോ. സാമുവല്‍ എന്‍. മാത്യുവിന്റെ ബ്ലോഗ് - 2015 ഓഗസ്റ്റ് 2, ഞായര്‍

വൈകല്യങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കളെ ഞാന്‍ പതിവായി കാണാറുണ്ട്. അങ്ങനൊരു ദിവസമായിരുന്നു ഇന്നലെ. ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ വിഭാഗം ( EIP ) ഞങ്ങളുടെ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും ഒരു യോഗം സംഘടിപ്പിച്ചു. ഒന്‍പതു മുത്തശ്ശിമാരുമായി രണ്ടു മണിക്കൂര്‍ ഞാന്‍ സംവദിച്ചു. പ്രായപൂര്‍ത്തിയായ ബധിരരായ കുട്ടികള്‍ അവര്‍ക്കുണ്ട്. അവരില്‍ പലര്‍ക്കും കേള്‍വിതകരാറുള്ള ജീവിത പങ്കാളികളുമുണ്ട്. അവര്‍ക്കുണ്ടായ കുട്ടികളും ബധിരരോ കേള്‍വിത്തകരാറുള്ളവരോ ആണ്. അമ്മുമ്മമാരാണ് അവരുടെ കൊച്ചു മക്കളെ പരിപാലിക്കുന്നത്. പ്രായപൂര്‍ത്തിയായ മക്കളില്‍ ഭൂരിപക്ഷവും സ്വന്തം നിലയില്‍ കുടുംബം പുലര്‍ത്താന്‍ സഹായിക്കുന്ന തരത്തിലുള്ള തൊഴിലില്ലാത്തവരോ തൊഴില്‍രഹിതരോ ആണ്. ഈ അവസ്ഥ മുത്തച്ഛന്മാര്‍ക്കും മുത്തശ്ശിമാര്‍ക്കും ഇരട്ടിഭാരമാണ് വരുത്തിവച്ചിരിക്കുന്നതു. ശ്രവണ പരാധിനതകളുള്ള മക്കളെ അവര്‍ വളര്‍ത്തി വലുതാക്കി, ഇപ്പോള്‍ കൊച്ചുമക്കളെ സംരക്ഷിക്കേണ്ട ചുമതലയാണ് അവര്‍ക്കു. ചിലരുടെ ചുമലില്‍ മക്കളുടെയും കൊച്ചുമക്കളുടെയും ചുമതല വന്നുപ്പെട്ടിരിക്കുകയാണ്. മക്കളില്‍ ചിലര്‍ ഡിപ്ലോമയും മറ്റു ചിലര്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും നേടിയിരിക്കുന്നു. പക്ഷെ, അവര്‍ക്കു ഒരു തൊഴില്‍ നേടാനായിട്ടില്ല. മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും സാമ്പത്തിക സ്ഥിതിയാകട്ടെ ഒട്ടും മെച്ചവുമല്ല.

മിക്ക അപ്പൂപ്പനും അമ്മുമ്മയും തങ്ങളുടെ കൊച്ചുമക്കളില്‍ കോക്ലിയര്‍ ഇമ്പ്ലാന്റിങ് നടത്താനാഗ്രഹിക്കുന്നു. എന്നാല്‍ കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് അതില്‍ താല്പര്യം കാണുന്നില്ല. കോക്ലിയര്‍ ഇമ്പ്ലാന്റിങ്ങെന്ന നിര്‍ദ്ദേശത്തെ അവര്‍ ശക്തമായി എതിര്‍ക്കുകയാണ്. മുതിര്‍ന്ന മക്കള്‍ അച്ഛനമ്മമാര്‍ പറയുന്നതിനേക്കാള്‍ തങ്ങളുടെ സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ക്കാണ് വിലകല്പിക്കുന്നതെന്നും കുട്ടികാലം മുതല്‍ക്കേ കൂട്ടുകാര്‍ തമ്മിലായിരുന്നു കൂടുതലടുപ്പമെന്നതാണ് അതിനു കാരണമെന്നു ഞാന്‍ അവരെ പറഞ്ഞു മനസ്സിലാക്കി. മക്കള്‍ കുട്ടികളായിരിക്കുന്ന സമയത്തു മാതാപിതാക്കള്‍ക്ക് അവരുമായി കൂടുതല്‍ നേരം സല്ലപിക്കാനോ അവരുടെ വികാരങ്ങള്‍ മനസ്സിലാക്കാനോ ഒന്നുമുള്ള സമയം ലഭിക്കാറില്ല. അതിനാല്‍ വീട്ടില്‍ കുട്ടികള്‍ ഒറ്റപ്പെട്ടവരായി തീരുന്നു. ആ അവസ്ഥയില്‍ അവര്‍ക്കു ആശ്വാസവും സന്തോഷവും ലഭിക്കുന്നത് കൂട്ടുകാരില്‍നിന്നാണ്. അതിനാല്‍ അവര്‍ പരസ്പരം വിശ്വസിക്കുകയും തമ്മില്‍ തമ്മില്‍ കൂടുതലടുക്കുകയും ചെയ്യുന്നു. കൂട്ടുകാരുടെ വാക്കുകള്‍ അവര്‍ മാനിക്കുന്നതില്‍ അത്ഭുതമില്ല, കുട്ടികളുടെ വിശ്വാസമാര്‍ജിക്കുകയെന്നതാണ് നമ്മുടെ അഭിപ്രായങ്ങള്‍ അംഗീകരിപ്പിക്കാനുള്ള എളുപ്പ മാര്‍ഗ്ഗം.

ചിലര്‍ക്ക് കോക്ലിയര്‍ ഇമ്പ്ലാന്റ് നടത്തണമെന്നുണ്ട്. പക്ഷെ , അതിന്റെ ചെലവ് ഭയാനകമാം വിധം ഉയര്‍ന്നതാണ്. വാറന്റി കഴിഞ്ഞാല്‍ കേബിളിന്റെയും കോയിലിന്റെയും വിലയും താങ്ങാവുന്നതല്ല.

അവരുടെ തൊഴിലില്ലായ്മയെ കുറിച്ചാണെങ്കില്‍ അത് വൈകല്യങ്ങളുള്ളവരുടെയെല്ലാം പ്രശ്നമാണ്. വൈകല്യങ്ങളുള്ളവരുടെ കാര്യശേഷി സംബന്ധിച്ച് തൊഴിലുടമകള്‍ സംശയാലുക്കളാണെന്നതാണ് ഒരു കാര്യം. മറ്റൊന്ന് പഠനകാലത്തു അവരെ പഠിപ്പിക്കുന്ന കാര്യത്തില്‍ ലുബ്ധികാട്ടിയെന്നതോ പഠിപ്പിക്കുന്നതില്‍ അവഗണ കാട്ടിയെന്നതോ ആണ്. ഉത്പാദന ക്ഷമത കൂടിയവരെയാണ് തൊഴിലുടമകള്‍ എപ്പോഴും ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തില്‍ വൈകല്യങ്ങളുള്ളവരും അറിവ് കുറഞ്ഞവരും നിയമിക്കപ്പെടാതെ പോകുന്നു. ജോലി ലഭിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം നല്ല അറിവുണ്ടായിരിക്കുക എന്നതും ഏതു ജോലിയും ചെയ്യാനുള്ള സന്നദ്ധതയുമാണ്.

തങ്ങളുടെ കൊച്ചുമക്കള്‍ക്കു ജോലികൊടുക്കണമെന്നാണ് എന്നോട് ആവശ്യപ്പെട്ടത്. എന്റെ നിസ്സഹായാവസ്ഥ അവരോടു ഞാന്‍ തുറന്നു പറഞ്ഞു. അവരുടെ സാമ്പത്തിക പരാധിനതകള്‍ പറഞ്ഞു കരയുകയാണ് അവര്‍ ചെയ്തത്. അവരെ കാണുകയും സംസാരിക്കുകയും ചെയ്തപ്പോള്‍ തന്നെ ചിലര്‍ക്ക് ആശ്വാസമായി. വീണ്ടും കാണാന്‍ എനിക്ക് സന്തോഷമേയുള്ളൂ എന്നു ഞാനറിയിച്ചു. വിങ്ങുന്ന ഹൃദയത്തോടെയാണ് ഞാന്‍ മടങ്ങിയത്. ജീവിതഭാരമെല്ലാമൊഴിച്ചു വിശ്രമജീവിതം നയിക്കേണ്ട പ്രായത്തില്‍ അവര്‍ക്കു ഇരട്ടി ദുരിതമാണ് വന്നുപ്പെട്ടിരിക്കുന്നതു. ഇരുട്ട് മുറ്റിയ ജീവിതത്തിന്റെ അങ്ങേത്തലക്കല്‍ പ്രത്യാശയുടെ ഒരുതരിവെട്ടം കാണാന്‍ അവരെക്കൊണ്ടാകുന്നില്ല. അവരകപ്പെട്ടിരിക്കുന്ന അന്ധകാരത്തിലേക്ക് തുറിച്ചുനോക്കിക്കൊണ്ട് അവരെ എങ്ങനെ സഹായിക്കാനാകുമെന്ന ചിന്തയിലാണ് ഞാന്‍.

ഇതൊരു തൊഴിലാണോ ?

എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സാമുവല്‍ എന്‍ മാത്യുവിന്റെ ബ്ലോഗ്, 26 - 05 - 2015

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട്തന്നെ മികച്ച സ്ഥാപനമെന്ന കീര്‍ത്തി നിഷ് കൈവരിച്ചുകഴിഞ്ഞു. അര്‍പ്പണബുദ്ധിയോടുകൂടിയ കഠിനാദ്ധ്വാനത്തിലൂടെയാണ് ഞങ്ങളുടെ ടീം ഈ നേട്ടം കൈവരിച്ചത്. ഇ സല്‍പ്പേര് പൊതുജന ദൃഷ്ടിയില്‍ നിഷ് നു നല്ലൊരു പ്രതിഛായ നല്‍കി. അങ്ങനെ ഞങ്ങള്‍ ജോലിക്കു അപേക്ഷ ക്ഷണിക്കുമ്പോള്‍ ധാരാളം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ചുതുടങ്ങി. മഹത്തായൊരു സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കണമെന്ന അഭിലാഷവും നല്ലൊരു സ്ഥാപനത്തില്‍ നല്ലൊരു ലക്ഷ്യവുമൊക്കെയാണ് നിഷ് ല്‍ അപേക്ഷിക്കുന്നതിനു പ്രേരണയായതെന്നാണ് അവര്‍ പറയുക. ഇതേ തുടര്‍ന്ന് ഇന്റര്‍വ്യൂ നടത്തുന്നതിന് മുന്‍പായി ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നതു ഞാന്‍ പതിവാക്കി. ഞങ്ങള്‍ സേവനം മുഖമുദ്രയാക്കിയ ഒരു സ്ഥാപനമാണെന്നും മറ്റു പല സ്ഥാപനങ്ങളെയും അപേക്ഷിച്ചു നോക്കുമ്പോള്‍ ഞങ്ങളുടെ ശമ്പള നിരക്ക് മെച്ചം അല്ലന്നു ഞാന്‍ അവരോടു തുറന്നു പറയുന്നു. വിദ്യാഭ്യാസത്തിലും സ്പെഷ്യല്‍ എജുക്കേഷനിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും തത്പരരായവരെയാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്. ദിവസ വേതനാടിസ്ഥാനത്തിലാണ് ഇവിടെ ശമ്പളം തുടങ്ങുക. ഉന്നത സ്ഥാനങ്ങളിലേക്കും ഈ രീതിയാണ് തുടര്‍ന്ന് പോകുന്നതെന്ന് ഈപ്പറഞ്ഞതിനര്‍ത്ഥമില്ല. മാന്യമായ ശമ്പളമാണ് ഞങ്ങള്‍ നല്‍കുന്നത്. പക്ഷെ തുടക്കത്തില്‍ അങ്ങനെയല്ലെന്ന് മാത്രം. ഉയര്‍ന്ന ശമ്പളവും ഉദ്യോഗതലത്തിലുള്ള ഉയര്‍ച്ചയുമാണ് ഇവിടെ ജോലിക്കു അപേക്ഷിക്കുന്നതിനുള്ള പ്രഥമ പരിഗണനയെങ്കില്‍ അങ്ങനെയുള്ളവര്‍ ഇവിടെ അധികകാലം തുടരുകയില്ലന്നു ഞങ്ങള്‍ക്കറിയാം. അദ്ധ്യാപനം ആത്മാര്‍പ്പണവും സേവനം അഭിനിവേശവും മറ്റുള്ളവരുടെ ജീവിതം പച്ചപിടിക്കണമെന്ന അഭിലാഷവുമുള്ളവരാണെങ്കില്‍ എനിക്കുറപ്പുണ്ട്. അവര്‍ തുടരുകതന്നെ ചെയ്യും.

നിഷ് ലെ ഉദ്യോഗസ്ഥര്‍ മാസാമാസം ലഭിക്കുന്ന ശമ്പളം നോക്കി ജോലി ചെയ്യുന്നവരല്ല. ഞങ്ങളുടെ കവാടം കടന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍, ക്ലിനിക്കുകളിലെ ഇടപാടുകാര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ക്ക് വേണ്ടിയാണു അവര്‍ പണിയെടുക്കുന്നത്. ഞങ്ങളുടെ ലക്ഷ്യം കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ളവരെ തുടര്‍ന്നും ലഭിച്ചുകൊണ്ടിരുന്നാല്‍ ഞങ്ങളുടെ സ്ഥാപനത്തിന്റെ സേവന നൈപുണ്യവും ഗുണനിലവാരവും നിലനിര്‍ത്താനാകും. എല്ലാവരും തുടര്‍ന്ന് പോകുകയില്ലെന്നത് അസാധാരണമല്ല. എന്നാല്‍ തുടര്‍ന്ന് പോകുന്നവരുമുണ്ട്. അവരാണ് ഞങ്ങളുടെ ടീം. ഞങ്ങളുടെ ശക്തി. !

ഏതാനും ദിവസം മുന്‍പ് ഇവിടുത്തെ ഒരു ഉദ്യോഗസ്ഥന്‍ ജോലിയുപേക്ഷിച്ചു പോയി. പോകുന്നതിനു മുന്‍പ് അദ്ദേഹം എന്നെ വന്നു കാണുകയും ഞങ്ങള്‍ അല്‍പനേരം സംസാരിച്ചിരിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞത് എന്നില്‍ മതിപ്പുളവാക്കി. " സര്‍, എന്നെ സംബന്ധിച്ചിടത്തോളം ശമ്പളം വളരെ പ്രധാനമാണ്, ഇവിടെ കിട്ടുന്നതിന്റെ ഇരട്ടി ശമ്പളം ലഭിക്കുന്ന ഒരു ഉദ്യോഗത്തിനുള്ള വാഗ്ദാനം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ജോലി ചെയ്യാനുള്ള ഇവിടുത്തെ അന്തരീക്ഷമുണ്ടല്ലോ, അത് ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മെച്ചപ്പെട്ടതാണ്. ഇവിടെ എല്ലാവരും സേവനത്തിനായി സ്വയം സമര്‍പ്പിക്കപ്പെട്ടവരും പരസ്പരം സഹായിക്കുന്നവരും ഉര്‍ജ്ജസ്വലരുമാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍ എല്ലാമടങ്ങിയിരിക്കുന്നു. മൈക്രോസോഫ്റ്റോ സോണിയാ സാംസങ്ങോ കഴിവുറ്റവരെ ആകര്‍ഷിക്കുന്നതുപോലെ ഞങ്ങള്‍ക്ക്‌ ആരെയും ആകര്‍ഷിക്കാനാവില്ല. പക്ഷെ , മറ്റുള്ളവരുടെ ജീവിതത്തിനു വെളിച്ചം പകരാന്‍ ജീവിതം സമര്‍പ്പിച്ചിരിക്കുന്നവരെ ഞങ്ങള്‍ പിടിച്ചു നിര്‍ത്തുക തന്നെ ചെയ്യും. വൈകല്യങ്ങളുള്ളവരുടെ സേവനത്തില്‍ ഇത് തന്നെയാണ് കണക്കിലെടുക്കേണ്ടത്. ഇങ്ങനെയുള്ളവരുടെ ടീമില്‍ ഒരംഗമാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു!

ഭാവിയെപറ്റി പ്രതീക്ഷകൾ വച്ച് പുലർത്തുന്ന കുട്ടികൾക്ക് തിരഞ്ഞെടുക്കാവുന്ന കോഴ്സുകളെ സംബന്ധിച്ച വിവരങ്ങൾ !

എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സാമുവല്‍ എന്‍ മാത്യുവിന്റെ ബ്ലോഗ്, 14.05.2015

BASLP വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ്സിനെ സംബന്ധിക്കുന്ന ഓറിയന്റേഷന്‍ പ്രോഗ്രാം ഇന്നലെ നടന്നു. ബാച്ചിലര്‍ ഓഫ് ഓഡിയോളോജി ആന്റ് സ്പീച്ച് ലാങ്ഗ്വിജ് പാഥോളജി എന്ന BASLP കോഴ്സിനെക്കുറിച്ചറിയാന്‍ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷകര്‍ത്താക്കളും ( ചിലരുടെ കൂടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു ) ഉള്‍പ്പടെ നൂറോളം പേരാണുണ്ടായിരുന്നത്. ഈ കോഴ്സ് തിരഞ്ഞെടുക്കുകയാണെങ്കില്‍ അതിന്റെ എല്ലാ വശങ്ങളും അവര്‍ അറിഞ്ഞിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു ബിരുദ കോഴ്സ് തിരഞ്ഞെടുക്കുന്ന രീതി ഇന്ന് ഇന്ത്യയില്‍ അസാധാരണമല്ല. രക്ഷകര്‍ത്താക്കളും അതാഗ്രഹിക്കുന്നു. ജോലി ലഭിക്കാന്‍ അവസരം നല്‍കുന്ന ധാരാളം കോഴ്സുകളുണ്ടെന്നു വിദ്യര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമറിയാം. യോജിച്ച കോഴ്സ് തിരഞ്ഞെടുക്കുകയെന്നതാണ് മുഖ്യം. യോജിച്ച പാഠ്യപദ്ധതി തിരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയോ നല്ല തൊഴില്‍ കണ്ടെത്തുന്നതിനുള്ള കൗണ്‍സലിങ് നടത്തുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ സാര്വത്രികമായിട്ടില്ല. ഭാവിയിലേക്ക് ഉറ്റു നോക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സുകകള്‍ പരിചയപ്പെടുത്തിക്കൊടുക്കുന്ന ഓപ്പണ്‍ ഫോറങ്ങള്‍ സര്‍വ്വകലാശാലകളോ കോളേജുകളോ നടത്താറില്ല. തിരഞ്ഞെടുക്കുന്ന കോഴ്സിനോട് വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിപരമായി സവിശേഷ താത്പര്യമുണ്ടോന്നു ആരും അന്വേഷിക്കുന്നില്ല. BASLP കോഴ്സിനു ചേരുകയും പിന്നീട് അത് തിരഞ്ഞെടുത്തതില്‍ ഖേദിക്കുകയും ചെയ്യുന്ന ധാരാളം കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ത്യയിലെ അയവില്ലാത്ത സര്‍വകലാശാലാ സമ്പ്രദായത്തില്‍ ഒരിക്കലൊരു കോഴ്സിന് ചേര്‍ന്ന് കഴിഞ്ഞാല്‍ അതിലെ മുഖ്യ വിഷയങ്ങള്‍ മാറ്റിയെടുക്കുക എളുപ്പമല്ല. അല്ലെങ്കില്‍ ഇഷ്ടമുള്ള വിഷയത്തില്‍ പുതിയതായി പ്രവേശനം തേടണം. പലരും അതിനൊരുമ്പെടുകയില്ല. അടച്ച ഫീസ് നഷ്ടമാകുമെന്നതും സമയം കുറെ കടന്നുപോയെന്നതും തന്നെ കാരണം.

ഈ സാഹചര്യത്തില്‍ ഞങ്ങളുടെ എല്ലാ കോഴ്സുകളെക്കുറിച്ചും ഒരു ഓറിയന്റേഷന്‍ പ്രോഗ്രാം നടത്താന്‍ ഞങ്ങളുടെ ഫാക്കള്‍ട്ടികള്‍ നിശ്ചയിച്ചു. ബധിര വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിഗ്രി പ്രോഗ്രാമിന്റെ സെഷന്‍ ഞങ്ങള്‍ ഏപ്രിലില്‍ പൂര്‍ത്തിയാക്കി. അതൊരു വന്‍ വിജയമായിരുന്നു. ഞങ്ങള്‍ ഈ സെഷന്‍ സംഘടിപ്പിച്ച രീതിയെ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷകര്‍ത്താക്കളും അകമഴിഞ്ഞ് അഭിനന്ദിക്കുകയുണ്ടായി. ഇതേക്കുറിച്ചു മുന്‍പൊരു ബ്ലോഗില്‍ ഞാന്‍ എഴുതിയിരുന്നു. ( ബധിര വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാം - ഒരു പുതിയ കാല്വയ്പ് )

ഇന്നലെ BASLP കോഴ്സിന് രാവിലെയും വൈകുന്നേരവുമായി രണ്ടു സെഷനുകള്‍ നടത്തുകയുണ്ടായി. കോഴ്സിന്റെ ഉള്ളടക്കം, \ശ്രവണ സംസാര വൈകല്യങ്ങളുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, തൊഴിലവസരങ്ങള്‍ ഒരു ഓഡിയോളോജിസ്റ്റും സ്പീച് തെറാപ്പിസ്റ്റുമായ ഈ കോഴ്സ് സംബന്ധിച്ച എല്ലാ വിഷയങ്ങളും അവരുമായി ഞങ്ങള്‍ പങ്കുവെച്ചു. തെറാപ്പി സെഷനുകളും പരിശോധനകളും സംബന്ധിച്ച ഏതാനും വിഡിയോ ക്ലിപ്പുകളും അവര്‍ക്കു കാട്ടിക്കൊടുത്തു. അവരുടെ സംശയങ്ങള്‍ എല്ലാംതന്നെ ദൂരീകരിക്കപ്പെട്ടു.

സെക്ഷന്റെ ആമുഖവും ഉപസംഹാരവും ഞന്‍ തന്നെയാണ് നിര്‍വഹിച്ചത്. സേവനോല്‍സുകാരും വൈകല്യങ്ങളുള്ളവരുമായി അടുത്ത് പെരുമാറാന്‍ കടപ്പെട്ടവരുമായ വിദ്യാര്‍ത്ഥികളെയാണ് അന്വേഷിക്കുന്നതെന്ന വസ്തുത ഞാന്‍ ഊന്നിപ്പറഞ്ഞു. കൈകാര്യം ചെയ്യാന്‍ വിഷമമുള്ള ഇടപാടുകാരുമായി ആശയവിനിമയം നടത്താനുള്ള കഴിവും ക്ഷമയും ഈ കോഴ്സിന് ചേരുന്നവരെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണെന്ന് ഞാന്‍ അവരെ ഓര്‍മിപ്പിച്ചു. ഇതൊരു പുതിയ മേഖലയാണെന്നും ( 1966 - ല്‍ ആണ് ഇന്ത്യയില്‍ ഈ കോഴ്സ് ആദ്യമായി തുടങ്ങുന്നത് ) അതിനാല്‍ ധാരാളം ഗവേഷണങ്ങള്‍ നടക്കുകയും പുത്തനറിവുകള്‍ ഉണ്ടായി വരുകയും ചെയ്യുന്നുണ്ട്. വിഷയത്തിലെ ഏറ്റവും നൂതനമായ വികാസങ്ങള്‍വരെ അറിയാന്‍ ശ്രമിക്കുന്നവര്‍ക്കേ ഈ മേഖലയില്‍ പുതിയ രോഗ നിര്‍ണ്ണയന രീതികളും ശുശ്രുഷാ തന്ത്രങ്ങളും പ്രയോഗിക്കാന്‍ കഴിയൂ. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കുനേടി എന്നത് കൊണ്ട് മാത്രം ഒരു നല്ല ക്ലിനിഷ്യനായി കണക്കാക്കപ്പെടുകയില്ല. " പ്രവര്‍ത്തിക്കുക, തുറന്ന മനസ്സോടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക, ചോദ്യങ്ങള്‍ ചോദിക്കുക. എന്നിട്ടു ' ഞാന്‍ ഇതിനു തയ്യാറായി കഴിഞ്ഞോ ? ' എന്ന് സ്വയം ചോദിക്കുക " ഇതായിരുന്നു അവര്‍ക്കു നല്‍കാനുള്ള ഉപദേശം.”

എല്ലാ കോഴ്‌സുകള്‍ക്കും ഇത്തരത്തില്‍ ഓപ്പണ്‍ ഹൗസ് ഓറിയന്റേഷന്‍ സെഷന്‍ നടത്താന്‍ നിഷ് ആലോചിക്കുന്നു. ( നിഷ് - ല്‍ നേരിട്ട് എത്തിച്ചേരാനാകാത്തവര്‍ക്കു വേണ്ടി ഓണ്‍ലൈന്‍ സംവാദത്തോടുകൂടിയ വെബ്ബിനര്‍ സെഷനാണ് ഉദ്ദേശിക്കുന്നത്. ). അങ്ങനെയായാല്‍ യാഥാര്‍ത്ഥ്യത്തില്‍ താത്പര്യമുള്ളവര്‍ മാത്രമേ പ്രവേശനത്തിന് അപേക്ഷിക്കുകയുള്ളല്ലോ.

 

വിദ്യാഭ്യാസത്തെയും വിജ്ഞാനസമ്പാദനത്തെയും സംബന്ധിച്ചുള്ള പൊതുജനത്തിന്റെ കാഴ്ചപ്പാടും ജോലി നേടുന്നതും സംബന്ധിച്ച അവരുടെ ചിന്താഗതിയും മാറ്റിയെടുക്കാന്‍ കഴിയുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അങ്ങനെയായാല്‍ ജനത്തിന് കുറെക്കൂടി സംതൃപ്തമായ ജീവിതം ലഭിക്കും. ഒരു ജീവനോപാധി കണ്ടെത്തുന്നതോടെ ജീവിതലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നില്ല. ഒരു പദവിയോ ഉദ്യോഗപ്പേരോ എന്നതിനേക്കാള്‍ എത്രയോ മഹത്തായ ഒന്നാണ് തൊഴില്‍. വ്യക്തിപരമായ സംതൃപ്തിയേക്കാള്‍ സമൂഹത്തിനു ഒരാള്‍ നല്‍കുന്ന സംഭവനയാണത് !

യുവ മനസ്സുകൾ എന്നെ ഊർജ്ജസ്വലനാക്കുന്നു!

എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സാമുവല്‍ എന്‍ മാത്യുവിന്റെ ബ്ലോഗ്, 09.05.2015

ഇന്ന് ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ഇക്കൊല്ലം പിരിഞ്ഞുപോകുന്ന അവരുടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പു നല്‍കി. കുറെപ്പേര്‍ക്ക് ഇന്നുകൊണ്ട് ക്ലാസ് അവസാനിച്ചെങ്കിലും മറ്റുചിലര്‍ക്ക് ജൂണിലാണ് ക്ലാസ് തീരുക. ASLP വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി ( എച്ച് ഐ ) വിദ്യാര്‍ത്ഥിക്കള്‍ക്കും പ്രത്യേകം പ്രത്യേകം യാത്രയയപ്പു നല്കുകയെന്നതായിരുന്നു പരമ്പരാഗത രീതി. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അവര്‍ ഇത് സംയുക്തമായി സംഘടിപ്പിച്ചുവരുന്നു. സന്ദര്‍ശകര്‍, റിവ്യൂ മീറ്റിങ്, റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഇന്‍സ്‌പെക്ഷന്‍ തുടങ്ങിയ കാര്യങ്ങളാല്‍ തിരക്ക് പിടിച്ച ദിവസമായിരുന്നു ഇന്ന്. ഇക്കാര്യം ഞാന്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചപ്പോള്‍ ഉച്ചക്ക് ശേഷം ഒന്നരമണിക്കൂറിനകം അവര്‍ പരിപാടി പൂര്‍ത്തിയാക്കാമെന്നു വാഗ്ദാനം ചെയ്തു. വിശദംശങ്ങള്‍ എനിക്കറിയില്ലായിരുന്നു. എന്നാല്‍ അവര്‍ ഈ പരിപാടി അങ്ങേയറ്റം ഭംഗിയായി ചെയ്തു കണ്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി.

പതിവുപോലെ യോഗസ്ഥലം അലങ്കരിച്ചിരുന്നു. ഓരോ സീനിയര്‍ ക്ലാസിനു വേണ്ടി അവരുടെ ജൂനിയര്‍മാര്‍ ഓര്‍മ്മിക്കത്തക്കതായ ചിത്രങ്ങളുടെ ഒരു കൊളാഷ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. ചിലരുടേത് കോമാളിത്തരം നിറഞ്ഞതാണെങ്കിലും അവരുടെ ക്യാമ്പസ് ജീവിതം എത്ര രസകരമായിരുന്നെന്നു തെളിയിക്കുന്നതായിരുന്നു ആ ചിത്രങ്ങള്‍. ഓരോ ക്ലാസ് കോര്‍ഡിനേറ്ററും മിതമായ വാക്കുകളില്‍ ചിലതു പറയുക, ഓരോന്നിനുമിടയ്ക്കു കേള്വിശക്തിയുള്ളവരും ഇല്ലാത്തവരും ഉള്‍പ്പെടുന്ന ചെറിയൊരു ഗ്രൂപ്പ് ഗെയിമോ എന്റര്‍ടെയ്ന്മെന്റ് പരിപാടിയോ അവതരിപ്പിക്കുകയോ എന്നതായിരുന്നു പരിപാടി. ഗെയിമിനെ കുറിച്ച് എന്തെങ്കിലും പറയേണ്ടതായോ വ്യാഖ്യാനിക്കേണ്ടതായോ ഉണ്ടായിരുന്നുല്ല. എന്നാല്‍ എല്ലാവരും ചേര്‍ന്ന് ഓരോന്നും ഭംഗിയാക്കി. കുട്ടികള്‍ തന്നെ സംഘടിപ്പിച്ച ലഘുഭക്ഷണം അവര്‍ തന്നെ വിതരണം ചെയ്തു. ഇതോടൊപ്പം കേള്വിശക്തിയില്ലാത്ത ഒരു വിദ്യാര്‍ത്ഥി ആംഗ്യ ഭാഷയില്‍ പരിഭാക്ഷ ചെയ്തുകൊണ്ടിരുന്നു. ഒരു ഘടികാരത്തിന്റെ സൂചിപോലെ ഇവയെല്ലാം ക്രമത്തിന് നടത്തിക്കൊണ്ടിരുന്നു. തൊണ്ണൂറു മിനിറ്റിനുള്ളില്‍ എല്ലാ പരിപാടികളും അവസാനിച്ചു. മുഴുവന്‍ കുട്ടികളും ഒത്തൊരുമിച്ചു അനായാസമായി കൈകാര്യം ചെയ്യുന്നതുകണ്ട് എനിക്ക് അത്യധികം സന്തോഷം തോന്നി. എന്നെ ഏറെ സന്തോഷിപ്പിച്ചത് അവര്‍ ആ പരിപാടിയുടെ സത്ത ഉള്‍ക്കൊള്ളുകയും അത് അര്‍ത്ഥവത്തും അവിസ്മരണീയവുമായ ഒരനുഭവമാക്കി തീര്‍ക്കുകയും ചെയ്തു എന്നതാണ്. അവരുടെ യൗവന സഹജമായ വീര്യവും ഓജസ്സും നൂതനമായ ചിന്തകളും തുറന്ന സമീപനവും കാര്യങ്ങള്‍ നടത്താനുള്ള പ്രാപ്‌തിയുമെല്ലാം അവിടെ പ്രകടമായി. അവ നോക്കികൊണ്ട് നില്കുന്നതാകട്ടെ ആനന്ദദായകവും. ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് കൂടെക്കൂടെ പറയാറുണ്ട്, നമ്മള്‍ കുട്ടികളെ വെല്ലുവിളിച്ചാല്‍ അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു അക്കാര്യം ചെയ്തിരിക്കുമെന്നതിനു സംശയമില്ല. ഇക്കാര്യം അവര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. തലമുറകളായി യുവാക്കള്‍ ചെയ്തുപോരുന്നതാണിത്. വരുന്ന ഓരോ തലമുറയും ഇത് തന്നെ തുടരും. ചെറുപ്പവും ഊര്‍ജ്ജസ്വലതയും അനുഭവപ്പെടാന്‍ കോളേജ് ക്യാമ്പസ് പോലെ യോജിച്ച മറ്റൊരിടമില്ല. അവരുടെ കണ്ണുകളിലേക്കു നോക്കുമ്പോള്‍ ഞാന്‍ ഭാവികാണുന്നു. " എന്നെ കൊണ്ട് കഴിയും " എന്ന മനോഭാവമാണ് അവരിലുള്ളതു. അവരില്‍നിന്നും പ്രസരിക്കുന്നതു പോസിറ്റിവ് എനര്‍ജി ആണ്. അവരുടെ യുവത്വം ഓജസ്സുറ്റതും അന്യരിലേക്കു പകരുന്നതുമാണ്. നന്ദി! പ്രിയ വിദ്യാര്‍ത്ഥി സുഹൃത്തുക്കളേ, നന്ദി !! നിങ്ങളോടൊപ്പം കഴിയുന്ന ഓരോ ഓരോ ദിവസവും എനിക്ക് നവോന്മേഷവും പുനരുജ്ജീവനവും കൈവരുന്നു!

ചെറിയൊരോളം

എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സാമുവല്‍ എന്‍ മാത്യുവിന്റെ ബ്ലോഗ്, 2015 മെയ് 05

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂന്നു സ്കൂളുകളില്‍ നിന്നു വന്ന എട്ടു അദ്ധ്യാപകരുമായി ഇന്നലെ ഞാന്‍ കൂടിക്കാണുകയും ഒന്നര മണിക്കൂറോളം അവരുമായി സംസാരിക്കുകയും ചെയ്തു. ബധിര വിദ്യാര്‍ത്ഥികള്‍ക്കുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നുള്ളവരായിരുന്നു അവര്‍. ഇതിലെന്താ ഇത്ര വലിയ കാര്യം എന്നല്ലേ ? ബധിര വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകര്‍ക്കായി ഞങ്ങളാരംഭിച്ച ഒരു മാസത്തെ ഇന്‍ - സര്‍വ്വീസ് , ഓണ്‍ - ദ - ജോബ് പരിശീലന പരിപാടിയുടെ ആദ്യ സെഷനായിരുന്നു അത്. അവര്‍ ഞങ്ങളോടൊപ്പം നിന്ന് ഡിഗ്രി ( എച്ച് ഐ ) ക്ലാസുകള്‍ നിരീക്ഷിക്കുകയും ഫാക്കള്‍ട്ടി അംഗങ്ങളുമായി ആശയസംവാദം നടത്തുകയും ലക്ച്ചര്‍ ക്ലാസ്സുകള്‍ ശ്രദ്ധിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.

ഇതിലെന്താണ് അസാധാരണമായിട്ടുള്ളത് എന്ന് തോന്നിയേക്കാം. കേരളത്തിലെ കേള്‍വി ശക്തിയില്ലാത്തവര്‍ക്കു വേണ്ടിയുള്ള സ്കൂളുകളിലെ അദ്ധ്യാപകര്‍ ഇദം പ്രഥമമായാണ് ഞങ്ങളുടെ ക്ലാസ്സ് മുറികള്‍ കാണുന്നതും കേള്വിശക്തിയില്ലാത്തവരെ പഠിപ്പിക്കുന്ന ഞങ്ങളുടെ ആദ്ധ്യാപനരീതി നേരില്‍ കാണുന്നതും. ബധിരര്‍ക്കു വേണ്ടിയുള്ള വിദ്യാലയങ്ങളില്‍ നിന്ന് വരുന്ന അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കാമോ എന്ന് VHSE ഡയറക്ടര്‍ ഞങ്ങളോട് ചോദിച്ചപ്പോള്‍ ഞങ്ങള്‍ പൂര്‍ണ മനസ്സോടെ അത് ഏറ്റെടുക്കുകയാണുണ്ടായത്.

ഞങ്ങള്‍ എന്തുകൊണ്ട് ആവേശഭരിതരായി ? കാരണമുണ്ട്. ഞങ്ങളുടെ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനം തേടിയെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളുകളില്‍ നിന്ന് വരുന്നവരാണ്. ഇവിടുത്തെ ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിനപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബിരുദപഠനത്തിനു തയ്യാറായി കഴിഞ്ഞിട്ടില്ലെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. കുട്ടിക്കാലത്തു ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പരിശീലനം സിദ്ധിച്ചവരല്ല ഈ കുട്ടികള്‍. സ്കൂളില്‍ അവര്‍ക്കു ലഭിച്ചത് ശരിയായ രീതിയിലുള്ള പരിശീലനവുമല്ല. അവരുടെ പോരായ്മകള്‍ പ്രകടമാണ്. ഇങ്ങനെ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാനപരമായ ആഗ്യഭാഷയിലോ കണക്കിലോ തീരെ പിടിപാടില്ല എന്ന് മനസ്സിലാക്കിയതിന്റെ വെളിച്ചത്തില്‍ രണ്ടു വര്‍ഷം മുന്‍പ് ഞങ്ങള്‍ ഒരു വര്‍ഷത്തെ പ്രിപ്പറേറ്ററി ക്ലാസ്സുകൂടി ഉള്‍കൊള്ളിച്ചു കൊണ്ട് ഡിഗ്രി കോഴ്സിന്റെ പാഠ്യ പദ്ധതി പരിഷ്കരിക്കുകയുണ്ടായി.

ബധിര വിദ്യാലയങ്ങള്‍ തങ്ങളുടെ കുട്ടികള്‍ പന്ത്രണ്ടാം ക്ലാസ്സ് പൂര്‍ത്തിയാക്കുന്നോടെ അവരെ ബിരുദ പഠനത്തിന് പ്രാപ്തരാക്കുന്നവിധത്തില്‍ പരിശീലിപ്പിക്കുകയാണെങ്കില്‍ ഈ സാഹചര്യം മറികടക്കാനും അവരുടെ ബിരുദപഠനം എളുപ്പമാക്കാനും കഴിയുമെന്ന് ഞങ്ങള്‍ എക്കാലത്തും ആശിക്കുന്നതാണ്. ഇങ്ങനെ ചെയ്താല്‍ അവര്‍ക്കു വിജയിക്കാനുള്ള അവസരം മെച്ചപ്പെടും. VHSE വകുപ്പ് അദ്ധ്യാപകരെ പരിശീലിപ്പിക്കുന്നതിനു ഇത്തരമൊരു നടപടി കൈകൊണ്ടതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഇനി ഈ അദ്ധ്യാപകര്‍ക്ക് സ്കൂളുകളിലേക്ക് മടങ്ങി ഒരു പരിധി വരെ തങ്ങളുടെ വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിനു സജ്ജരാക്കാന്‍ സാധിക്കും.ഇന്ത്യ മൊത്തത്തിലെടുത്താലും ബധിര വിദ്യാര്‍ത്ഥികളുടെ അവസ്ഥ ഇതുതന്നെയാണെന്നത് ഒരു രഹസ്യമല്ല. അവരെ പഠിപ്പിക്കുന്നത് അവരോടു സംസാരിക്കുന്ന അദ്ധ്യാപകരാണ്. കുട്ടികള്‍ക്കാകട്ടെ അത് മനസ്സിലാക്കുന്നില്ല. കുട്ടികള്‍ക്ക് നല്‍കുന്ന മാര്‍ക്ക് ഷീറ്റ് അവരുടെ യഥാര്‍ത്ഥ നിലവാരം പ്രതിഫലിപ്പിക്കുന്നതല്ല. ഇതിനൊരു മാറ്റമുണ്ടായേ തീരു. ഈ വിദ്യാര്‍ത്ഥികള്‍ സാധാരണ ക്ലാസ്റൂമിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബുദ്ധിശക്തിയുള്ളവരാണ്. അവരെ പഠിപ്പിക്കാന്‍ സാമര്‍ത്ഥ്യമുള്ള അദ്ധ്യാപകരെ നിയോഗിക്കുകയും ശരിയായ ആശയവിനിമയത്തിനുള്ള കൈവഴികള്‍ തുറന്നുകൊടുക്കുകയും ചെയ്താല്‍ ഈ കുട്ടികളുടെ അറിവിന്റെ മേഖല വികസിക്കുന്നതാണ്

ഞങ്ങളുടെ അദ്ധ്യാപകര്‍ ക്ലാസ്സെടുക്കേണ്ട രീതികള്‍ സംബന്ധിച്ഛ് പരീക്ഷണങ്ങള്‍ നടത്തുകയും ക്ലാസ്സ് റൂം അനുഭവങ്ങള്‍ സ്വയം ഓര്‍മിപ്പിക്കുകയും സഹ അദ്ധ്യാപകരുമായി പതിവായി ചര്‍ച്ച നടത്തുകയും ചെയ്യുന്നതിന്റെ പ്രയോജനം കുട്ടികളുടെ പുരോഗതിയിലുടെ പ്രകടമാകുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമാകുമെന്നതിനാല്‍ ഞങ്ങളുടെ അനുഭവ പാഠങ്ങള്‍ മറ്റുള്ളവരുമായി പങ്കു വെയ്ക്കാന്‍ ഞങ്ങള്‍ സദാ സന്നദ്ധരാണ്. ഞങ്ങളുടെ അദ്ധ്യാപനരീതിയുടെ പ്രയോജനം സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും ലഭ്യമാക്കുകയും പിന്നീട് രാജ്യമാകെ അത് വ്യാപിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കേള്‍വിശക്തിയില്ലാത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിലവാരമുള്ള ഏര്‍ലി ഇന്റര്‍വെന്‍ഷനും കേള്‍വി ശക്തിയുള്ളവര്‍ക്കൊപ്പം വിദ്യാഭ്യാസവും ലഭിക്കുന്ന ഒരു ദിവസം വന്നു ചേരണമെന്നതാണ് എന്റെ സ്വപ്നം. ഈ സെഷന്‍ ചെറിയൊരു ഓളമാണെന്നും അതിന്റെ അനുരണനങ്ങള്‍ രാജ്യമാകെ അലയടിക്കുമെന്നാണ് എന്റെ വിശ്വാസം!

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India