Menu

Posts tagged "nish"

പ്രസിദ്ധി കൊണ്ടുവന്ന വിപത്ത് !

05.2015 തിങ്കള്‍. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സാമുവല്‍ എന്‍.മാത്യു എഴുതിയത്.

കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷിക ധനകാര്യ ബജറ്റ് പ്രഖ്യാപനത്തോടെ നിഷ് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്നിരിക്കുകയാണ്. കേന്ദ്ര സര്‍വ്വകലാശാലയാകുന്നതോടെ ഒരു സംസ്ഥാന സര്‍വ്വകലാശാല എന്ന പദവിയില്‍ നിന്ന് നമ്മള്‍ ബഹുദൂരം മുന്നോട്ട് പോകുകയാണ്. പരമ്പരാഗത രീതിയില്‍ ഒരു സര്‍വ്വകലാശാലയുടെ നുകത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് എന്ന നിലയില്‍ നിന്ന് നിഷ്-നെ ഒരു സര്‍വ്വകലാശാലയായി പരിവര്‍ത്തിപ്പിക്കുക എന്നതായിരുന്നു നമ്മുടെ പ്രാഥമിക ലക്ഷ്യം. ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റിയും വൈകല്യത്തിനും പുനരധിവാസത്തിനും മുന്തിയ പരിഗണന  നല്കിയിട്ടില്ല. പുതിയൊരു കോഴ്സ് ആരംഭിക്കുക, കാര്യങ്ങള്‍ നൂതനമായ രീതിയില്‍ ചെയ്യുക എന്നതൊക്കെ നിഷ്-നു വെല്ലുവിളികളായിരുന്നു. നിഷ്-ന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളോ ഊന്നല്‍ നല്കുന്ന പ്രവര്‍ത്തനങ്ങളോ സര്‍വ്വകലാശാലാ സമിതികളോ തീരുമാനങ്ങളെടുക്കേണ്ട അധികാരികളോ മനസ്സിലാക്കിയിട്ടില്ല. മാറുന്ന കാലത്തിനനുസൃതമായും നിഷ് ലക്ഷ്യം വയ്ക്കുന്ന സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചും സൃഷ്ട്യുന്‍മുഖമായി പ്രവര്‍ത്തിക്കാനുളള സ്വാതന്ത്ര്യമാണ് നമുക്കാവശ്യം. മറ്റെന്തിനേക്കാളുമുപരി കുട്ടികളാണു നമ്മുടെ ശ്രദ്ധാകേന്ദ്രം എന്നാണ് എപ്പോഴും നമ്മള്‍ ഊന്നിപ്പറയുന്നത്. നമ്മുടെ കവാടം കടന്നെത്തുന്ന കസ്റ്റമര്‍മാരാണ് നമ്മുടെ നിലനില്പിനു കാരണക്കാര്‍. വിദ്യാര്‍ത്ഥികളാണു നമ്മുടെ പരിഗണനയുടെ ഉന്നം.

നമ്മള്‍ ഒരു യൂണിവേഴ്സിറ്റിയാകുന്നതോടെ യൂണിവേഴ്സിറ്റി സ്റ്റാറ്റസ്, ലഭ്യമാകാന്‍ പോകുന്ന വമ്പിച്ച ഫണ്ട്, കൂറ്റന്‍ കെട്ടിടങ്ങള്‍, നൂതന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ ആളുകള്‍ ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. ഭാരിച്ച ശമ്പളവും ഉന്നതമായ സ്ഥാനമാനങ്ങളും മോഹിച്ച് ആളുകള്‍ ഉദ്യോഗത്തിനായി നമ്മെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. സല്‍പ്രവര്‍ത്തികളുടെ പേരില്‍ സല്‍ക്കീര്‍ത്തി ലഭിച്ചതിനെത്തുടര്‍ന്ന് ആളുകള്‍ നമ്മുടെ സാമര്‍ത്ഥ്യത്തെ വാഴ്ത്തിത്തുടങ്ങിയിരിക്കുന്നു. ശ്രവണ-സംസാര വൈകല്യമുളളവര്‍ക്കു വേണ്ടിയുളള മറ്റൊരു സ്ഥാപനമെന്നു വിളിക്കപ്പെട്ടിരുന്ന അവസ്ഥയില്‍ നിന്ന് എത്രയോ കാതം ദൂരെയാണ് ഇന്നത്തെ നമ്മുടെ അവസ്ഥ.ശരിയാണ്, നാം നമ്മുടെ ഇടം കണ്ടെത്തിയിരിക്കുന്നു. കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ യത്നത്തിന്‍റെയും ഫലമാണിത്.പതിനെട്ടുവര്‍ഷത്തെ ആത്മാര്‍പ്പണത്തിന്റെ സദ്ഫലം!

ഇങ്ങനെയൊക്കെയാണെങ്കിലും ഞാനിന്നു ദുഃഖിതനാണ്. നമ്മള്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നത് നമ്മെ നമ്മുടെ മുഖ്യ ലക്ഷ്യത്തില്‍ നിന്ന് അകറ്റിക്കൊണ്ടുപോകുകയില്ലേ എന്നു ഞാന്‍ ഭയപ്പെടുന്നു. നമ്മള്‍ നിലനില്ക്കുന്നതിനടിസ്ഥാനമായ ശിശുക്കള്‍, വിദ്യാര്‍ത്ഥികള്‍, കസ്റ്റമര്‍ എന്ന നമ്മുടെ കാതലായ ലക്ഷ്യത്തില്‍ നിന്ന് ഇതു നമ്മെ വ്യതിചലിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്. നമ്മെ സംബന്ധിച്ചോ നമ്മുടെ തൊഴിലിനെ സംബന്ധിച്ചോ അതല്ലെങ്കില്‍ നമ്മുടെ വേതനത്തെ സംബന്ധിച്ചോ നമ്മള്‍ ചിന്തിച്ചു പോകുകയാണെങ്കില്‍ അപ്പോള്‍ നാം നമ്മുടെ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചുകഴിഞ്ഞു. അതിനാല്‍ എന്റെയും എന്റെ സഹപ്രവര്‍ത്തകരുടെയും കര്‍ത്തവ്യങ്ങളില്‍ ശ്രദ്ധയൂന്നുക എന്നതാണ് ഞാന്‍ അനുഷ്ഠിക്കേണ്ട കര്‍മ്മം. പ്രശസ്തിയുടെ പരിവേഷത്തില്‍ നിന്ന് നമുക്ക് ഒഴിഞ്ഞുമാറി നില്ക്കാം. അങ്ങനെയായാല്‍ നമ്മള്‍ അധികം ശ്രദ്ധിക്കപ്പെടുകയില്ല. നാം ആരാണെന്നും നമ്മള്‍ ഇവിടെ എത്തിയിരിക്കുന്നതെന്തിനാണെന്നുമുളള വസ്തുത നമ്മള്‍ വിസ്മരിച്ചുപോയേക്കുമെന്നാണ് എന്റെ തോന്നല്‍.

നമ്മള്‍ സേവിക്കുന്ന ജനത സമൂഹത്തില്‍ അവഗണിക്കപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്തതിന്റെ നീണ്ട ചരിത്രമാണുളളത്. അര്‍ഹിക്കുന്ന വിധത്തിലുളള തൊഴില്‍ പരിശീലനമോ വിദ്യാഭ്യാസമോ അവര്‍ക്കു നല്കിയിട്ടില്ല. അവസരങ്ങള്‍ അവര്‍ക്കു നിഷേധിക്കപ്പെട്ടു. അവര്‍ നമുക്ക് ഒരസൗകര്യമാണെന്നു നാം കണക്കാക്കി. അവരെ അയോഗ്യരെന്നു നാം വിധിയെഴുതി. നമുക്കു മുന്നില്‍ വിശാലമായ വീഥിയുണ്ട്. അവരെ വിളിച്ചുണര്‍ത്തുക, അവര്‍ക്കു ശക്തി പകരുക, അവര്‍ക്കു വിദ്യാഭ്യാസവും അവസരങ്ങളും നല്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ചുരുക്കത്തില്‍ നമുക്കെല്ലാം സ്ഥാനമുളള വിരുന്നുമേശയില്‍ അവര്‍ക്കുകൂടി ഒരിരിപ്പിടം നല്കുക. ആകര്‍ഷകമായ വേതനത്തോടെ കര്‍മ്മനിരതനും ഉല്പാദനക്ഷമതയുളളവനുമായ പൗരനായി ഒരായുഷ്ക്കാലം ജീവിക്കണമെന്ന അവന്റെ സ്വപ്നം സാക്ഷാത്കരിക്കുകയെന്നതാകട്ടെ നമ്മുടെ ലക്ഷ്യം. ഒന്നാന്തരം വിദ്യാഭ്യാസം നാം അവര്‍ക്കു നല്കണം. മതിയായ ഇന്റര്‍വെന്‍ഷനും കൃത്യമായ തെറാപ്പിയും നല്കി അവരെ ശരിയായ രീതിയില്‍ പുനരധിവസിപ്പിക്കുക. കെട്ടിടങ്ങള്‍, ഭൗതിക സുഖസൗകര്യങ്ങള്‍, ധനസഹായം എന്നിവയെല്ലാം അവരുടെ ഉന്നമനത്തെ സഹായിക്കുന്ന സാമഗ്രികളാണ്.ഇവയെല്ലാം സംഘടിപ്പിക്കുകയെന്നത് ഒരു വലിയ വെല്ലുവിളിയാണ്. പക്ഷേ, നാം അത് ഏറ്റെടുത്തേ മതിയാകൂ. എന്നു മാത്രമല്ല, ആ യത്നം തുടര്‍ന്നുകൊണ്ടുപോകുകയും വേണം. ഇതൊരു തത്കാല നടപടിയായിട്ടല്ല, വരും തലമുറകളിലേക്കു കൂടി നീളുന്ന തുടര്‍പ്രവര്‍ത്തനമായി തീരണം.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India